ന്യൂദെൽഹി:മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി – ഷാഹി ഈദ്ഗാഹ് മസ്ജിദ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒന്നിലധികം ഹർജികൾ ഒന്നിച്ച് കേൾക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസുകൾ ഒന്നിച്ച് കേൾക്കുന്നത് കൂടുതൽ കാര്യക്ഷമവും കേന്ദ്രീകൃതവുമായ വിധിനിർണ്ണയം നടത്താൻ സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സമാനമായ എല്ലാ ഹർജികളും ഒരുമിച്ച് എടുക്കുന്നതാണ് നല്ലത്. എല്ലാ നടപടിക്രമങ്ങളുടെ ഉത്തരവുകളെയും ചോദ്യം ചെയ്യുന്നത് അനാവശ്യമാണ്. 1991 ലെ ആരാധനാലയ നിയമത്തിന്റെ വ്യവസ്ഥകൾ സംബന്ധിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യം കോടതി നിരീക്ഷിച്ചു. മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ഹർജികൾ ഏകീകരിക്കുന്നത് ഭൗതികമായി പ്രത്യാഘാതമുണ്ടാക്കുമെന്നും അത് മാറ്റി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കോടതി നിലപാടിൽ ഉറച്ചു നിന്നു. നിങ്ങൾക്കും മറുഭാഗത്തിനും ഇത് നല്ലതാണെന്നും ഞങ്ങളുടെ അഭിപ്രായത്തിൽ ഇത് വിവാദമാക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി ഏപ്രിൽ മാസത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: