പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിനുശേഷം പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജി പ്രഖ്യാപിച്ചതോടെ കാനഡയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു അധ്യായത്തിന് അന്ത്യമാവുകയാണ്. ലിബറല്‍ പാര്‍ട്ടി അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതു വരെ ട്രൂഡോ സ്ഥാനത്ത് തുടരും. പാര്‍ട്ടിക്ക് എതിര്‍പ്പുള്ളതിനാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് രാജി പ്രഖ്യാപിച്ച വാര്‍ത്ത സമ്മേളനത്തില്‍ ട്രൂഡോ പറയുകയുണ്ടായി. പാര്‍ട്ടിയിലെ പദവിയും ട്രൂഡോ രാജിവച്ചതോടെ കാനഡയുടെ അടുത്ത ഭരണാധികാരി ആരായിരിക്കണമെന്നുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ട്രൂഡോയുടെ പകരക്കാരനായെത്തുന്ന ആളായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നേരിടുക. അടുത്ത തെരഞ്ഞെടുപ്പിന് ഒക്ടോബര്‍ വരെ സമയമുണ്ടെങ്കിലും അതിന് മുന്‍പുതന്നെ വിശ്വാസ വോട്ടിലൂടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ലിബറല്‍ പാര്‍ട്ടിയിലെ ആരുംതന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അഭിപ്രായ വോട്ടെടുപ്പില്‍ മുന്‍പന്തിയിലുള്ള തിയറി പൊലിവര്‍, മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്തീയ ഫ്രീലാന്‍ഡ്, ഫ്രീലാന്‍ഡ് രാജിവച്ചതോടെ ഉപ പ്രധാനമന്ത്രിയായ ഡൊമിനിക് ലെബ്ലാങ്ക്, കാനറാ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി, ഗതാഗത മന്ത്രിയും ഭാരത വംശജയുമായ അനിത ആനന്ദ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. അനിതയാണ് അടുത്ത പ്രധാനമന്ത്രിയെങ്കില്‍ ഒരര്‍ത്ഥത്തില്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം അതൊരു മധുര പ്രതികാരമായിരിക്കും. അധികം വൈകാതെ ചിത്രം തെളിയും. പ്രധാനമന്ത്രി സ്ഥാനത്ത് പകരമെത്തുന്നത് ആരായിരുന്നാലും ട്രൂഡോയെക്കാള്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയാണ് കാനഡയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുമുള്ളത്. ട്രൂഡോയ്ക്കെതിരെ ശക്തമായ ജനവികാരമാണുള്ളത്. ട്രൂഡോയുടെ രാജി പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച്, ഭക്ഷണ വിതരണ കമ്പനിയായ ഡയറി ക്യൂന്‍ ജനങ്ങള്‍ക്ക് സൗജന്യമായി ബര്‍ഗര്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് ഇതിന് തെളിവാണ്.
ജസ്റ്റിന് ട്രൂഡോയുടെ പതനത്തില്‍ സവിശേഷമായ പല ഘടകങ്ങളുമുണ്ടെങ്കിലും അത് ഒറ്റപ്പെട്ട പ്രതിഭാസമല്ല. അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നേടിയ ഉജ്ജ്വല വിജയം, അഭയാര്‍ത്ഥികളുടെ പ്രശ്നം സ്ഫോടനാത്മകമായി വളര്‍ന്ന ബ്രിട്ടനില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടി നേരിടുന്ന തകര്‍ച്ച എന്നിവയിലും പൊതു ഘടകങ്ങളുണ്ട്. ജര്‍മ്മനിയിലെ സ്ഥിതിവിശേഷവും ഇതില്‍നിന്ന് അധികമൊന്നും വ്യത്യസ്തമല്ല. ചാന്‍സലര്‍ ഒലഫ് സ്കോള്‍സിന്റെ സഖ്യ സര്‍ക്കാര്‍ ആഭ്യന്തര പ്രതിസന്ധി നേരിടുകയും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയുമാണ്. സര്‍ക്കാരിനെതിരെ പൊതുജനവികാരം ശക്തം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലു ള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയ വികാരത്തെ വിലമതിക്കാത്ത ലിബറല്‍ ഭരണ നയങ്ങള്‍ക്കെതിരെ യൂറോപ്പിലെമ്പാടും പ്രതിഷേധമുണ്ട്. ലിബറലുകളായ ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള അമേരിക്കന്‍ ജനതയുടെ നിരാശയാണ് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. മുന്‍ ഭരണാധികാരികളുടെ ‘പുരോഗമന’ വീക്ഷണങ്ങളോടും നടപടികളോടുമുള്ള എതിര്‍പ്പാണ് അമേരിക്കയിലെ ഭരണ മാറ്റത്തിന് വഴിവെച്ചത്. കാനഡയിലെ ലിബറല്‍ പാര്‍ട്ടിക്കും പ്രധാനമന്ത്രി ട്രുഡോക്കും അമേരിക്കയിലെ ജോ ബൈഡന് ഭരണകൂടത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. അമേരിക്കയിലെ അധികാരമാറ്റത്തിനുള്ള ജനവിധി കാനഡയിലെ സ്ഥിതിഗതികളെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. വഴിവിട്ട യാതൊരു ആനുകൂല്യവും ട്രംപില്‍നിന്ന് ലഭിക്കാന്‍ പോകുന്നില്ലെന്ന് ട്രൂഡോ തിരിച്ചറിഞ്ഞു. മാത്രമല്ല കാനഡ ഉള്‍പ്പെടുന്ന വിശാല അമേരിക്കയെക്കുറിച്ചാണല്ലോ ട്രംപ് സംസാരിക്കുന്നത്.
ജനസംഖ്യയില്‍ ആറ് ശതമാനത്തോളം ഭാരത വംശജരുള്ള കാനഡയിലെ ഒരു ഭരണാധികാരിക്ക് ഭാരതത്തോട് സ്വാഭാവികമായി തോന്നേണ്ട ആഭിമുഖ്യം ഇല്ലാതിരുന്നയാളാണ് ജസ്റ്റിന് ട്രൂഡോ. ഇടതുപക്ഷ ആഭിമുഖ്യമുള്ള ആശയങ്ങളില്‍ വഴിതെറ്റിയ ട്രൂഡോ ഭാരതത്തോട് ഒരുതരം കുടിപ്പക തന്നെയാണ് പുലര്‍ത്തിയത്. കാനഡയില്‍ കേന്ദ്രീകരിച്ചിട്ടുള്ള സിഖ് ഭീകരവാദികള്‍ക്ക് കയ്യയച്ച് സഹായം നല്കാന് ട്രൂഡോ മടിച്ചില്ല. ഭരണം നിലനിര്‍ത്താന്‍ പോലും ഇക്കൂട്ടരുടെ സഹായം തേടി. ഖാലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാറിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ ഭാരതത്തിന്റെ കരങ്ങളാണെന്ന ട്രൂഡോയുടെ പ്രസ്താവന വലിയ വിവാദത്തിനു വഴിവച്ചു. ഭാരതം ഈ ആരോപണത്തെ അതിശക്തമായി എതിര്‍ക്കുകയും, കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു, ഭാരതത്തെ പ്രതിക്കൂട്ടിലാക്കാന്‍ ട്രൂഡോ പല അടവുകളും പുറത്തെടുത്തെങ്കിലും അതൊന്നും മോദി സര്‍ക്കാരിനു മുന്നില്‍ വിലപ്പോയില്ല. നിജ്ജാറുടെ മരണത്തിനു പിന്നില്‍ ഭാരതമാണെന്ന് പറഞ്ഞതിന് തെളിവൊന്നുമില്ലെന്ന് ട്രൂഡോക്കുതന്നെ സമ്മതിക്കേണ്ടിയും വന്നു. ട്രൂഡോയുടെ ഭാരതവിരുദ്ധ പ്രസ്താവനകള്‍ക്കും നടപടികള്‍ക്കും അമേരിക്കയിലെ ജോ ബൈഡന് ഭരണകൂടത്തിന്റെ തന്ത്രപരമായ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ കാറ്റ് മാറി വീശുകയാണെന്ന് മനസ്സിലാക്കാന്‍ ട്രൂഡോയ്ക്ക് അധികനാള്‍ വേണ്ടി വന്നില്ല. കാനഡയില്‍ തന്നെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും പ്രതിപക്ഷവും ഈ ഭരണാധികാരിയില്‍ നിന്ന് അകന്നു. ഇതോടെ സ്വന്തം പാര്‍ട്ടിയിലും ഒറ്റപ്പെട്ടു. ഇനി അധികാരത്തില്‍ തുടരുന്നത് ശ്രമകരമാണെന്ന് മനസ്സിലാക്കിയാണ് ട്രൂഡോയുടെ പടിയിറക്കം. ലോകത്തെ വന്‍ശക്തികളോടു പോലും തുല്യനിലയില്‍ ഏറ്റുമുട്ടാന്‍ ശേഷിയുള്ള നരേന്ദ്രമോദിയുടെ ഭാരതത്തോട് കൊമ്പുകോര്‍ക്കാന്‍ വന്നതാണ് ട്രൂഡോയുടെ പതനം വേഗത്തിലാക്കിയത്. സ്വയംകൃതാനര്‍ത്ഥം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: