എസ്. സനല്‍ കുമാര്‍
സീനിയര്‍ അഡ്വക്കറ്റ്, കേരള ഹൈക്കോടതി.
ഓം ബ്രഹ്മണേ മൂര്‍ത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ
(അര്‍ത്ഥം: ഓംകാരത്തിന്റെ മൂര്‍ത്ത രൂപമായ ബ്രഹ്മം തന്നെ ആയിരിക്കുന്നവനും ആശ്രയിക്കുന്നവര്‍ക്ക് പരമ ശുദ്ധിയായ ഐശ്യര്യത്തെ പ്രദാനം ചെയ്യുന്നവനും നാരായണന് എന്ന പേരോടുകൂടി സംന്യാസികള്‍ക്ക് ഇന്ദ്രനായിട്ടുള്ളവനും പ്രകാശസ്വരൂപനുമായ ഗുരോ; അവിടത്തേക്ക് നമസ്ക്കാരം). നെയ്യാറ്റിന്‍കരയിലെ പ്രശസ്തമായ നായര്‍ തറവാട്ടില്‍ ജനിച്ച കൊച്ചപ്പിപിള്ള എന്ന പേരുണ്ടായിരുന്ന ശിവലിംഗ ദാസ സ്വാമി രചിച്ച ഗുരുഷഡ്കം എന്ന ഗുരു സ്തുതി ഗീതകത്തിലെ ഒന്നാം ശ്ലോകം ആണ് ഈ വരികള്‍. ബ്രഹ്മത്തെ തേടി അലയുന്ന മനുഷ്യ ജന്മങ്ങള് ബ്രഹ്മ സ്വരൂപനായ ഗുരുവിലൂടെ ബ്രഹ്മത്തില്‍ അന്തിമമായി ലയിക്കുന്ന മഹാ പ്രകിയയുടെ കാര്യക്രമമാണ് സനാതന ധര്‍മ്മം. അതിന്റെ പരിപാലനത്തില്‍ ശ്രീ നാരായണ ഗുരുദേവന് ആരാണ് എന്നു ആദ്യത്തെ ഈ ഒറ്റ ശ്ലോകത്തിലൂടെ തന്നെ ശിവലിംഗ ദാസ സ്വാമികള്‍ നമുക്ക് വ്യക്തമാക്കി തരുകയാണ്.
വിഗ്രഹ പ്രതിഷ്ഠകള്‍
ഗുരുദേവന് മുപ്പതിലേറെ ക്ഷേത്രങ്ങളിലാണ് ദേവപ്രതിഷ്ഠ നടത്തിയിട്ടുള്ളത്. അരുവിപ്പുറം പ്രതിഷ്ഠ, ഗോകര്‍ണേശ്വര ക്ഷേത്ര പ്രതിഷ്ഠ, കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കളവങ്കോട്ടെ കണ്ണാടി പ്രതിഷ്ഠ തുടങ്ങി ഉല്ലല ഓംകാരേശ്വര ക്ഷേത്രം വരെ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. സഗുണത്തില്‍ നിന്നും ഗുണാതീതനാകുന്നതിനുള്ള സനാതനധര്‍മ്മ ശാസനകളുടെ അടിസ്ഥാനത്തില്‍ എല്ലാ മോക്ഷേച്ഛുക്കളെയും കൈപിടിച്ച് നടത്തുന്നതിനായി ശാസ്ത്രവിധി പ്രകാരമാണ് ഈ പ്രതിഷ്ഠകള്‍ നടത്തിയിട്ടുള്ളത്. തമോ-രജപ്രധാന കാമനകളാല്‍ പ്രേരിതരായി, അത്തരം ആഗ്രഹ സാധ്യത്തിനും സംരക്ഷണത്തിനുമായി യക്ഷസ്, രക്ഷസ്, മാടന്, ഭൂതം, പ്രേതം ഇവയെ ഇഷ്ടദൈവമായി ആരാധിച്ചിരുന്ന ജനതയെ സ്വാതിക ആരാധനാ സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യ ചുവടുവെപ്പുകളില്‍ ഒന്നായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠ.
തുടര്‍ന്നങ്ങോട്ട് നടത്തിയ പ്രതിഷ്ഠകള്‍ ഒക്കെതന്നെ സാത്വിക ആരാധനാ മൂര്‍ത്തി സങ്കല്‍പ്പത്തില്‍ തന്നെയായിരുന്നു. ആത്മീയ പരിഷ്കരണത്തിലെ ദൈ്വതം എന്ന വിഗ്രഹാരാധന പദ്ധതി അതിന്റെ ലക്ഷ്യസ്ഥാനമായ അദൈ്വതത്തില്‍ എത്തിച്ചേരുന്നതിന്റെ പ്രതീകമാണ് കണ്ണാടി പ്രതിഷ്ഠയും ഓംകാര പ്രതിഷ്ഠയും. അതിനെ ആരാധനയുടെ നിരാകരണമായി ചില ഉല്പ്പതിഷ്ണുക്കള് വ്യാഖ്യാനിക്കുന്നുണ്ടെകിലും ഭക്തന്മാര്ക്ക് അത് അദ്ധ്യാത്മ ജ്ഞാനത്തിന്റെ അദൈ്വത പ്രതീകം തന്നെയാണ്. തന്നിലെ ജീവാത്മാവ് പരമാത്മാവിന്റെ ഭാഗമാണെന്ന് അനുഭവവേദ്യമാകുന്ന കണ്ണാടി പ്രതിബിംബം വിഗ്രഹ പ്രതിഷ്ഠകളുടെ സകാരത്തില്‍ നിന്നും നിരാകാരത്തിലേക്കും അവിടെ നിന്നും ഗുണാതീതത്തിലേക്കുള്ള എത്തിച്ചേരലാണ്. ജീവാത്മാവിന്റെ ബ്രഹ്മ സായുജ്യം സാധ്യമാക്കുന്ന സനാതന ധര്മ്മപ്രയോഗ പദ്ധതി തന്നെയാണ് ഭഗവാന് ശ്രീനാരായണ ഗുരുദേവന് വിഗ്രഹ പ്രതിഷ്ഠകളിലൂടെ ചെയ്തു വെച്ചത്.
ദൈവസ്തുതി ഗീതങ്ങള്‍
നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന അനുഷ്ഠാനങ്ങളിലൂടെയാണ് ദേവതാപൂജ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സാധാരണ ജീവാത്മക്കള്‍ നിര്‍വഹിക്കുന്നത്. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ ഒന്‍പതു വിധത്തിലുള്ള ഉപാസന പദ്ധതിയിലൂടെയാണ് ദേവാരാധന സനാതന ധര്‍മ്മത്തില്‍ സാധ്യക്രമമാക്കുന്നത് ഭാഗവത പുരാണം വ്യക്തമാക്കുന്നു. ഈ ഉപാസന പദ്ധതികളെല്ലാം തന്നെ ശ്രീനാരായണ ഗുരുദേവന് ആചരിച്ച് മോക്ഷേച്ഛുക്കളായ ജീവാത്മാക്കള്‍ക്ക് പകര്‍ന്നു കൊടുത്തിട്ടുള്ളതാണ്. ഗുരുദേവന് രചിച്ച കീര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേവതാ സങ്കല്പം മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്നവയാണ്. വിവിധ ദേവതാ സങ്കല്‍പ്പങ്ങള്‍ പ്രകീര്‍ത്തിച്ച് അനേകം കീര്‍ത്തനങ്ങളും സ്തവങ്ങളും ഗുരുദേവന് രചിച്ചിട്ടുണ്ട്. ഗുരുദേവന് രചിച്ച വിനായകാഷ്ടകം ശങ്കരാചാര്യരാല്‍ വിരചിതമാണെന്നു വിശ്വസിക്കുന്ന ഗണേശ പഞ്ചരത്നത്തിനേക്കാള് ഒരു പടി മുന്നില്‍ നില്‍ക്കുന്നതാണ്. ഷണ്മുഖസ്തോത്രം, അര്‍ദ്ധനാരീശ്വര സ്തോത്രം, ജനനീ നവര്തന മഞ്ജരി , ബാഹുലേയ അഷ്ടകം , ഭദ്രകാളി അഷ്ടകം, ബ്രഹ്മ വിദ്യ പഞ്ചകം, ദര്‍ശനമാല, ദേവിപ്രണമ്യ ദേവിഷ്ടകം, ഗുഹാഷ്ടകം കുണ്ഡലിനി പാട്ട് , കോലത്തിരസ്തവം തുടങ്ങിയ മികച്ച കൃതികള്‍ സനാതന ധര്‍മ്മാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടുള്ളതാണ്. ഇവയില്‍ ഭൂരിപക്ഷവും സംസ്കൃതത്തിലാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
ധര്‍മ്മോപദേശവും യോഗമാര്‍ഗ്ഗവും
അഷ്ടാംഗ യോഗക്രമത്തില്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി തുടങ്ങിയ ക്രമാനുഗതി പദ്ധതിയിലൂടെ യോഗം സാധ്യമാക്കുവാന്‍ ശ്രമിക്കുന്നു. ശ്രീനാരായണഗുരുദേവന്‍ ശിഷ്യന്മാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരരൂപേണ യമനിയമങ്ങളുടെ പ്രാധാന്യം ആത്മീയ ഭൗതിക ശ്രേയസിനായി എങ്ങനെ പാലിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. (പുസ്തകം ശ്രീനാരായണധര്‍മ്മം-ശ്രീനാരായണധര്മ്മോത്സവ് -2024 പ്രസിദ്ധപ്പെടുത്തിയത്). അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജനം ഇവ ധര്‍മ്മ പഞ്ചകമായും ദേഹശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി ഇവയെ പഞ്ചശുദ്ധിയായും ഗുരുദേവന് വിസ്തരിക്കുമ്പോള്‍ അഷ്ടാംഗ യോഗത്തിലെ യമനിയമങ്ങല് സമ്പൂര്‍ണ്ണമാകുന്നു. സനാതനധര്‍മ്മത്തിലെ ബ്രഹ്മസായുജ്യത്തിനായുള്ള വിവിധ പ്രയോഗപദ്ധതികളില്‍ ഒന്നാണ് അഷ്ടാംഗ യോഗം. അതിന്റെ അടിസ്ഥാന പ്രയോഗങ്ങള്‍ ഗുരുദേവന് ലളിത വ്യാഖ്യാനത്തിലൂടെയാണ് ശ്രീനാരായണ ധര്‍മ്മത്തില്‍ വിവരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: