ലഖ്നൗ:12 വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ മഞ്ഞുമലകളില്‍ നിന്നും ദൂരെയുള്ള ആശ്രമങ്ങളില്‍ നിന്നും അഖാരകളിലെ സന്യാസിമാര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തിത്തുടങ്ങി. ഇവരുടെ ശോഭായാത്രകള്‍ കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ നടന്നു. ഇതോടെ മഹാകുംഭമേളയ്ക്ക് മുന്‍പുള്ള ആത്മീയതയും ഭക്തിയും പ്രയാഗരാജിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞു.
ചിലര്‍ കുതിരവണ്ടികളില്‍ ഏറിയാണ് എത്തിയത്. നെറ്റിയില്‍ ഭസ്മം പൂശിയും പൂ മാലകള്‍ അണിഞ്ഞും ആണ് ഇവര്‍ മഹാകുംഭമേളയ്ക്കെത്തിയത്. ഈ സന്യാസിമാരെ കാത്ത് വഴിയോരങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആദരവോടെ കൈകള്‍ കൂപ്പുന്നത് കാണാമായിരുന്നു.
പ്രധാനമായും എത്തിയത് നിരഞ്ജനി അഖാരയിലെ സ്വാമിമാരാണ്. താളമേളങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ എത്തിയത്.നിരഞ്ജനി അഖാരയുടെ മുഖ്യആചാര്യന്‍ ഒരു തുറന്നവാഹനത്തിലാണ് എത്തിയത്. നിരഞ്ജനി അഖാരയുടെ കൊടികള്‍ വീശി ഒട്ടേറെ സ്വാമിമാരും ശോഭായാത്രയില്‍ അകമ്പടി സേവിച്ചു.സാധുക്കളെ ഒരു നോക്കു കാണാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ വഴിയോരങ്ങളില്‍ ഭക്തിയോടെ കാത്ത് നിന്നും. ഇനി വൈകാതെ മറ്റ് അഖാരകളിലെ സന്യാസിമാരും അംഗങ്ങളും എത്തിച്ചേരും.
ഇംഗ്ലീഷ് വാക്കായ ‘സ്കൂള്‍’ , ഗ്രീക്ക് പദമായ ‘അക്കാദമി’ എന്നതിന് തത്തുല്യമായ വാക്കാണ് അഖാര. ഇത് ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ സൂചിപ്പിക്കുന്നു.ഗുരു ശിഷ്യ സമ്പ്രദായത്തില്‍ ആയോധനകലകളോ ആത്മീയതയോ അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങളാണ് അഖാര. ചില അഖാരകള്‍ ബ്രഹ്മചര്യം നിര്‍ബന്ധമാക്കുമ്പോള്‍ മറ്റ് ചില അഖാരകളില്‍ സര്‍വ്വസംഗപരിത്യാഗമാണ് ആവശ്യപ്പെടുന്നത്. 13 സജീവ അഖാരകളാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഏഴെണ്ണം ശൈവ അഖാരകളും മൂന്നെണ്ണം വൈഷ്ണവ അഖാരകളും മൂന്നെണ്ണം സിഖ് അഖാരകളുമാണ്. മഹാനിര്‍വാണി, അടല്‍, നിരഞ്ജനി, ആനന്ദ്, ജുന, ആവാഹന്‍, അഗ്നി എന്നിവ ശൈവ അഖാരകളാണ്. നിര്‍വാണി, ദിഗംബര്‍, നിര്‍മോഹി എന്നിവ വൈഷ്ണ അഖാരകളാണ്. ബാര പഞ്ചായത്തി ഉദാസിന്‍സ്, ഛോട്ടാ പഞ്ചായത്തി ഉദാസിന്‍സ്, നിര്‍മല്‍ എന്നിവ സിഖ് അഖാരകളാണ്. ഇതില്‍ ഏഴ് ശൈവ അഖാരകളും മൂന്ന് വൈഷ്ണവ അഖാരകളും ചേര്‍ന്ന് ദശാസനങ്ങള് എന്നും അറിയപ്പെടുന്നു. ഇവര്‍ തങ്ങളുടെ പൈതൃകം അവകാശപ്പെടുന്നത് ശങ്കരാചാര്യരിലാണ്. ധര്‍മ്മ രക്ഷ അഥവാ വിശ്വാസസംരക്ഷണമാണ് തങ്ങളുടെ കടമയെന്ന് ഈ അഖാരയിലുള്ളവര് കരുതുന്നു.
ഈ അഖാരകളിലെ സന്യാസിമാരുടെയും മറ്റും ഘോഷയാത്രകളാണ് മഹാകുംഭമേളയിലെ ഒരു പ്രധാന പരിപാടി. അതുപോലെ ഈ സന്യാസിമാര്‍ വിശുദ്ധ നദികളില്‍ സ്നാനം ചെയ്യുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭം ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്രാജിൽ സമാപിക്കും. ഷാഹി സ്നാൻ (രാജകീയ സ്നാനം) എന്നറിയപ്പെടുന്ന പ്രധാന സ്നാന ചടങ്ങുകൾ ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) എന്നീ ദിവസങ്ങളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: