പുഷ്പ 2 പ്രീമിയറിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ച് നടന് അല്ലു അര്‍ജുനും പുഷ്പ 2 ടീമും. യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് അല്ലു അര്‍ജുന്റെ അച്ഛന് അല്ലു അരവിന്ദ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപ അല്ലു അര്‍ജുനും പുഷ്പ 2 നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് 50 ലക്ഷം രൂപയും ചിത്രത്തിന്റെ സംവിധായകന് സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുക. രണ്ട് കോടിയുടെ ചെക്ക് അല്ലു അരവിന്ദ് തെലുങ്കാന ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ദില്‍ രാജുവിന് കൈമാറി.
പുഷ്പ 2 കാണാന്‍ അല്ലു അര്ജുന് സന്ധ്യ തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. ഇവരുടെ എട്ട് വയസുകാരനായ മകന് ശ്രീതേജ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അല്ലു അരവിന്ദ് വ്യക്തമാക്കി. നേരത്തെ വെന്റിലേറ്ററിലായിരുന്ന കുട്ടി. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്റര്‍ മാറ്റി. എത്രയും വേഗം കുട്ടി സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: