ബെംഗളൂരു: ഉത്സവസീസണ്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണ്ണാടക ആര്‍ടിസി.
കേരളത്തിലേക്കു കൂടുതൽ എസി സ്ലീപ്പർ സർവീസുകളുമായാണ് ക്രിസ്മസിന് വരവേറ്റത്.
എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് ബസുകൾ സർവീസ് ആരംഭിച്ചു.
മജസ്റ്റിക് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. നിലവിലെ നോൺ എസി ബസുകൾക്കു പകരമാണ് സുഖയാത്ര ഉറപ്പാക്കാൻ അംബാരി ഉത്സവ് ബസുകളെത്തുന്നത്. 2023 ഫെബ്രുവരിയിലാണ് അംബാരി ഉത്സവ് ബസുകളുടെ സർവീസ് കർണാടക ആർടിസി ആരംഭിച്ചത്.
യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം ഉണ്ടായതോടെ ഇവ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിനു പുറമേ ചെന്നൈ, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കും അംബാരി ഉത്സവ് പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കുന്ദാപുരയിലേക്കും 2 ബസുകൾ സർവീസ് നടത്തും.
മടക്കയാത്രയ്ക്ക് 7 സ്പെഷൽ സർവീസുകൾ കൂടി: ക്രിസ്മസിനു ശേഷം ഇന്ന് നാട്ടിൽ നിന്നു മടങ്ങാൻ 7 സ്പെഷൽ സർവീസുകൾ കൂടി കർണാടക ആർടിസി പ്രഖ്യാപിച്ചു. സാധാരണ സർവീസുകളിൽ ടിക്കറ്റുകൾ തീർന്നതോടെയാണിത്. എറണാകുളം, തൃശൂർ റൂട്ടുകളിൽ 2 വീതവും കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി ഒന്നും അധിക സർവീസുകളാണ് ഉണ്ടാകുക.
27ന് നാട്ടിലേക്കു പോകാൻ 5 സ്പെഷൽ സർവീസുകളുമുണ്ടാകും. തൃശൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണിത്. പുതുവത്സരാഘോഷത്തിനായി കേരളത്തിലേക്ക് 30,31 തീയതികളിലായി 28 സ്പെഷൽ സർവീസുകളും ഏർപ്പെടുത്തി. ഇവയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉടൻ ആരംഭിക്കും
വ്യാജ ടിക്കറ്റ് തടയാൻ ക്യുആർ കോഡ് നഗരത്തിലെ 4 റെയിൽവേ സ്റ്റേഷനുകളിൽ ജനറൽ കംപാർട്മെന്റിലെ യാത്രയ്ക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ. വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ചുള്ള യാത്ര വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മജസ്റ്റിക് സ്റ്റേഷനിൽ സംവിധാനം ഏർപ്പെടുത്തി കഴിഞ്ഞു. കെആർ പുരം, ബയ്യപ്പനഹള്ളി, യശ്വന്ത്പുര സ്റ്റേഷനുകളിൽ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള തെർമൽ പ്രിന്റേഴ്സ് സ്റ്റേഷനുകളിൽ സ്ഥാപിച്ചു വരികയാണ്. നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ടിക്കറ്റുകൾ ലഭിക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: