കായിക രംഗത്ത് ഒരേ ദിവസം രണ്ടു വമ്പന്‍ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിച്ച ഭാരതവനിതകള്‍, കളിക്കളത്തിലെ നാരീശക്തിയാണ് വെളിവാക്കിയത്. ക്വാലലംപൂരില്‍ പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ ഭാരത വനിതകള്‍ മുത്തമിട്ട ദിവസം തന്നെ വഡോദരയില്‍ മുതിര്‍ന്ന ഭാരത വനിതകള്‍ ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 211 റണ്‍സിനു തകര്‍ത്തു വിട്ടു. ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കിയില്‍ ഭാരതവനിതകള്‍ കിരീടമണിഞ്ഞത് ഏതാനും ദിവസം മുന്‍പാണ്. കരുത്തരായ ചൈനയെയാണ് അവര്‍ ഫൈനലില്‍ കീഴടക്കിയത്. കായിക രംഗത്ത് ഭാരത വനിതകള്‍ ആര്‍ജിച്ച ആത്മവിശ്വാസത്തിന്റെ മകുടോദാഹരണമാണ് ഈ നേട്ടങ്ങള്‍. സമസ്ത മേഖലകളിലും എന്നതുപോലെ കായിക രംഗത്തും വനിതകള്‍ക്ക് ഇന്നത്തെ ഭാരതത്തില്ലഭിക്കുന്ന അംഗീകാരവും പ്രോല്‍സാഹനവും വനിതകളില്‍ എത്രമാത്രം പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങള്‍. നമ്മുടെ കായിക രംഗം പുരുഷ കേന്ദ്രീകൃതമായിരുന്നകാലത്തിനു വന്ന മാറ്റം വനിതകള്‍ ശരിക്കും ഉള്‍ക്കൊണ്ടിരിക്കുന്നു. അത് അവരുടെ ആത്മവീര്യം വാനോളം ഉയര്‍ത്തിയിട്ടുമുണ്ട്.
പെണ്‍കുട്ടികള്‍ തങ്ങളുടെ പരിഗണനാ വിഷയങ്ങളില്‍ സ്പോര്‍ട്സും ഉള്‍പ്പെടുത്തി. ക്രിക്കറ്റിലാകട്ടെ, ഹോക്കിയിലാകട്ടെ, അത്ലറ്റിക്സിലാകട്ടെ, ബാഡ്മിന്റണിലാകട്ടെ, മറ്റ് ഏതു കായിക ഇനങ്ങളിലുമാകട്ടെ, ഭാരതത്തിന്റെ കായിക ഉണര്വിന് പെണ്‍ചിന്തകളുടെ ഊര്‍ജവും പ്രകടന മികവും കാരണമായി. അണ്ടര്‍ 19 വിഭാഗത്തിലെ പ്രഥമ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഭാരതം കീഴടക്കിയത്. ഈ ടീം നല്കുന്ന സന്ദേശം വനിതാ ക്രിക്കറ്റില്‍ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്നു തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് വിജയത്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ഥനയും 44 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളും ബാറ്റിങ്ങില്‍ തിളങ്ങി. ബൗളിങ്ങില്‍ അഞ്ചുവിക്കറ്റ് നേടിയ രേണുക സിങ്ങിന്റെ പ്രകടനം ശ്രദ്ധേയമായി.
സ്പോര്‍ട്സിലെ ‘മോഡി’ഫൈഡ് വേര്‍ഷന്‍ ഫലം കണ്ടുതുടങ്ങിയിട്ട് കുറെ നാളുകളായി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ കായിക രംഗത്തിനു നല്കുന്ന പ്രാധാന്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി രാജ്യാന്തര തലത്തില്‍ നാം ഒട്ടേറെ അംഗീകാരങ്ങള്‍ നേടി. മോദിയുടെ ആഹ്വാനം സ്പോര്‍ട്സില്‍ സ്ത്രീകള്‍ ഉള്‍പ്പെടണം എന്ന അവബോധത്തിന്റെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും കായികരംഗത്ത് സജീവമായി പങ്കെടുക്കാന്‍ യുവതലമുറയെ പ്രചോദിപ്പിക്കുകയും ചെയ്തു. കായികത്തെ നമ്മുടെ യുവാക്കള്‍ കണ്ടിരുന്നത് എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി എന്ന നിലയില്‍ മാത്രമായിരുന്നു. അതു മാറി. സ്പോര്‍ട്സ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അതിലൂടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനാകുമെന്നും അവര്‍ മനസിലാക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവന്ന പദ്ധതികളാണ് കായികത്തെ മികവിലേക്കു നയിക്കുന്നതിന് നിദാനമായത്. ഖേലോ ഇന്ത്യയും ടാര്‍ഗറ്റ് ഒളിംപിക് പോഡിയവും ചിലതുമാത്രം. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മോദിയുടെ മന്ത്രം രാജ്യത്തെ വനിതകള്‍ക്ക് നല്കിയ ആത്മവിശ്വാസം കായികത്തിലുള്പ്പെടെ് പ്രതിഫലിച്ചു.
സമീപ വര്‍ഷങ്ങളില്‍ ദേശീയ യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പരിഷ്കാരങ്ങള്‍ക്കൊപ്പം വനിതകളുടെ ആവേശകരമായ പ്രകടനങ്ങളും കൂടി വന്നതോടെ ഇന്ത്യയുടെ കായിക രംഗം ഉയരങ്ങളിലേക്കു കുതിക്കുകയാണ്. ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ അത്ലിറ്റുകളില് 43% വനിതകളായിരുന്നു. 46 വനിതകളായിരുന്നു അന്ന് യോഗ്യത നേടിയത്. പാരീസ് ഒളിംപിക്സില്‍ യോഗ്യത നേടിയവരില്‍ 40 ശതമാനവും വനിതകളായിരുന്നു. പാരീസില്‍ വനിതാ അത്ലിറ്റുകളുടെ പ്രാതിനിധ്യം 50 ശതമാനത്തോട് അടുത്തപ്പോള്‍ ഭാരതത്തിന്റെ സംഭാവനയും മോശമായില്ല. വരും വര്‍ഷങ്ങളില്‍ കായിക ഭാരതത്തിന്റെ പ്രധാന കരുത്തായി വനിതകള്‍ മാറിക്കൂടെന്നില്ല.
2000ലെ സിഡ്നി ഒളിംപിക്സില്‍ കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ നേടിയ വെങ്കലമാണ് ഒളിംപിക്സിലെ വനിതാ വിഭാഗത്തില്‍ ഭാരതത്തിന്റെ ആദ്യ വ്യക്തിഗത മെഡല്‍. പിന്നീട് 2020ല്‍ മീര ബായി ചാനു മെഡല്‍ സ്വന്തമാക്കി. ബോക്സിങ്ങിലും ബാഡമിന്റണിലും മെഡലുകള്‍ ലഭിച്ചു. മേരി കോമും സൈന നെഹ്വാളും പി.വി. സിന്ധുവും മെഡലണിഞ്ഞു. ഏറ്റവുമൊടുവില്‍ ഷൂട്ടിങ്ങില്‍ മനു ഭാക്കറിന്റെ ഇരട്ട മെഡല്‍ നേട്ടവും ഭാരത സ്ത്രീകളുടെ കായിക നേട്ടങ്ങള്‍ക്കു മാറ്റുകൂട്ടി. അത്ലറ്റിക്സ്, ജൂഡോ, ഗുസ്തി, അമ്പെയ്ത്ത് തുടങ്ങി ഒട്ടേറെ കായിക ഇനങ്ങളില്‍ ഭാരത വനിതകള്‍ രാജ്യാന്തര തലത്തില്‍ ഇന്നു ശക്തരാണ്. എങ്കിലും, ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്ബോളില്‍ മികവിലേയ്ക്കുയരാന്‍ കഴിഞ്ഞിട്ടില്ല. ഫുട്ബോളില്‍ ഭാരത വനിതകളുടെ സ്ഥാനം 69 ആണ്. ഏഷ്യയില്‍ 12-ാമതുമാണ്. പുരുഷ ടീമും വ്യത്യസ്തമല്ല, 126-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയിരിക്കുകയാണവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: