ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) നാലാം സീസണ് സമാപിച്ചിട്ടും സമ്മാനത്തുകയും ബോണസും എന്നു ലഭിക്കുമെന്ന് വ്യക്തതയില്ല. വള്ള സമിതികളും ബോട്ട് ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ടൂറിസം വകുപ്പ് പണം നല്‍കുന്നത് സംബന്ധിച്ച് മാറി മാറി പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുകയാണെന്നാണ് പരാതി.
ആകെ ആറ് ലീഗ് മത്സരങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഒരു ലീഗ് മത്സരത്തിന്റെ ബോണസ് മാത്രമാണ് ക്ലബ്ബുകള്‍ക്ക് ലഭിച്ചത്.
രണ്ട് ലീഗ് മത്സരങ്ങളുടെ ബോണസ് കൂടി ഉടന്‍ നല്‍കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. ബോണസും ആദ്യമത്സരങ്ങളിലെ സമ്മാനത്തുകയും നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്തു നടന്ന ഫൈനല്‍ മത്സരം ബഹിഷ്കരിക്കുമെന്ന് ക്ലബ്ബുകളും വള്ളസമിതികളും മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു ലീഗ് മത്സരത്തിന്റെ ബോണസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ ഒരെണ്ണത്തിന്റേത് ലഭിച്ചു. രണ്ടെണ്ണത്തിന്റേത് വാഗ്ദാനത്തിലും ഒതുങ്ങി. സമ്മാനത്തുകയുടെ കാര്യത്തില്‍ അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ഒന്‍പതു വള്ളങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതമാണ് ബോണസ് നല്‍കേണ്ടത്. ഇതില്‍ ഒരുലക്ഷം രൂപ ചുണ്ടന്‍വള്ളങ്ങള്‍ക്കും മൂന്നുലക്ഷം രൂപ തുഴയുന്ന ക്ലബ്ബുകള്ക്കുമാണുള്ളത്. ലീഗ് ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട്ക്ലസബിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കേണ്ടത്. രണ്ടാംസ്ഥാനക്കാരായ വിബിസിക്ക് 15 ലക്ഷവും മൂന്നാംസ്ഥാനക്കാരായ നിരണം ക്ലബ്ബിന് 10 ലക്ഷവും നല്‍കണം. ഇതുകൂടാതെ ഓരോ മത്സരത്തിലും ആദ്യ സ്ഥാനക്കാര്‍ക്ക് അഞ്ചുലക്ഷം, രണ്ടാംസ്ഥാനക്കാര്‍ക്ക് മൂന്ന്, മൂന്നാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍.
കടംവാങ്ങിയും പിരിവെടുത്തുമാണ് വള്ളംകളിക്കായിമാസങ്ങളുടെ പരിശീലനം നടത്തി മത്സരത്തില്‍ പങ്കെടുക്കുന്നത്. നെഹ്റുട്രോഫി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ബോണസും ഗ്രാന്റുവിതരണവും പൂര്‍ത്തിയാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ഒരുകോടി ഇതുവരെ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: