ബെംഗളൂരു: ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം. ബെംഗളൂരു ഐഐഎസ്സിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ടണൽ റോഡുകൾ ഉൾപ്പെടുന്ന വൻ പദ്ധതികൾ നഗരത്തെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന സൂചന പുറത്തുവന്നത്. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതികൾ വരും വർഷങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനത്തിൽ വ്യക്തമാക്കി.
നഗരത്തിൽ നിർമിക്കുന്ന ഡബിൾ ഡെക്കർ റോഡുകൾ, ടണൽ റോഡുകൾ നഗരത്തിലെ ഗതാഗത കുരുക്കിന് നേട്ടമാകുമെങ്കിലും, ഈ സാഹചര്യം മുതലെടുത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രാൻസ്പോർട്ട് വിഹിതം 2041 ആകുമ്പോഴേക്കും 43.5 ശതമാനത്തിൽ നിന്ന് 42.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.
നഗരത്തിലെ വൻ പദ്ധതികളായ ടണൽ റോഡുകൾ, സ്കൈഡെക്ക് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് ഈ ആശങ്കകൾ ഉയർന്നത്. ബെംഗളൂരു ട്വിൻ ട്യൂബ് പ്രോജക്ട് എന്ന് വിളിക്കപ്പെടുന്ന ടണൽ റോഡ് പദ്ധതിക്കെതിരെയും സ്കൈഡെക്ക് പദ്ധതിക്കെതിരെയും ശക്തമായ എതിർപ്പാണ് ഉയരുന്നത്. പദ്ധതി സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: