കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന് പരാതി. പൂനെ യിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെയാണ് കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന് വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അവധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു.
ചൊവ്വാഴ്ച പകല്‍ 2.15നാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പൂനെ സൈനിക ക്യാമ്പ് അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബോക്സിങ് താരമാണ് വിഷ്ണു. ഒമ്പത് വർഷം മുൻപാണ് വിഷ്ണു സൈന്യത്തിൽ ചേർന്നത്. ഒറീസ, അസം എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ പൂനെയില്‍ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: