ലണ്ടന്‍: പുതിയ പരിശീലകന് അമോറിമിന് കീഴിലും സ്ഥിരതയില്ലാതെ യുണൈറ്റഡ്. ഒടുവിലായി കരബാവോ കപ്പില്‍ നിന്നും ടീം തോറ്റ് പുറത്തായിരിക്കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ യുണൈറ്റഡിനെ കീഴടക്കിയത് 4-3ന്.
തുടര്‍ച്ചയായി രണ്ടാം സീസണിലാണ് യുണൈറ്റഡ് കരബാവോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂകാസില്‍ യുണൈറ്റഡിനോടാണ് പരാജയപ്പെട്ടത്.
ഇക്കുറി മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീം പരാജയപ്പെട്ടതെങ്കിലും കളത്തില്‍ ബഹുദൂരം മികച്ചു നിന്നത് ടോട്ടനം തന്നെയാണ്. യുണൈറ്റഡ് രണ്ട് ഗോള്‍ കളിച്ചു നേടിയെന്ന് പറയുന്നതിനേക്കാള്‍ ടോട്ടനം ഗോളി ഫ്രെയ്സര്‍ ഫോര്‍സ്റ്ററുടെ ഗുരുതര പിഴവില്‍ നിന്ന് ലഭിച്ചതാണെന്ന് പറയേണ്ടിവരും. അല്ലായിരുന്നെങ്കില്‍ 4-1ന്റെ വമ്പന്‍ ജയവുമായി ടോട്ടനം ക്വാര്‍ട്ടറിലേക്ക് മുന്നേറേണ്ടതായിരുന്നു.
പതിവ്പ്രതിരോധ തന്ത്രവുമായി കളിച്ച് കിട്ടുന്ന അവസരങ്ങളില്‍ അതിസമര്‍ത്ഥമായി മുന്നേറി സ്കോര്‍ ചെയ്യുന്ന രീതിയാണ് ടോട്ടനം നടപ്പാക്കിയത്. 15-ാം മിനിറ്റില്‍ ഡോമിനിക് സോളങ്കെ നേടിയ ഗോളില്‍ ആദ്യ പകുതി മുന്നിട്ടു നിന്നു. സ്വന്തം ആരാധകരെ പോലും അത്ഭുതപ്പെടുത്തി രണ്ടാം പകുതിയുടെ തുടക്കത്തിലും ടോട്ടനം സ്കോര്‍ ചെയ്ത് ലീഡ് ഇരട്ടിപ്പിച്ചു. ഡീജാന്‍ കുലുവേസ്കി ആണ് ഗോള്‍ നേടിയത്. 54 മിനിറ്റായപ്പോഴേക്കും ടീം 3-0ന് മുന്നിലായി. യുണൈറ്റഡ് അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു നാണക്കേട് അഭിമുഖീകരിക്കുകയായിരുന്നു. അവിടെയാണ് ടോട്ടനം ഗോളിയുടെ പിഴവുകള്‍ ആശ്വാസമായത്. ഒടുവില്‍ 88-ാം മിനിറ്റില്‍ ടോട്ടനം ഒരു ഗോള്‍ കൂടി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: