പോലീസ് സേനാ സംവിധാനത്തിനുള്ളില്‍ നിന്നു പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. അതിനൊപ്പം പോലീസ് സംവിധാനത്തെത്തന്നെ നാണിപ്പിക്കുന്നവയുമാണ്. തുടരെ ഉണ്ടാകുന്ന ആത്മഹത്യകളും ജോലി ഉപേക്ഷിക്കലുകളും സൂചിപ്പിക്കുന്നത്, സേനയുടെ ഭരണ സംവിധാനത്തില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ്. വര്‍ഷങ്ങളായി ഇത് സംബന്ധിച്ചു പരാതികളും അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും മുറപോലെ നടക്കുന്നുണ്ടെങ്കിലും പരിഹാരങ്ങളൊന്നും പ്രവര്‍ത്തി പഥത്തില്‍ വരുന്നില്ല എന്നതാണ് അനുഭവം. എട്ടു വര്‍ഷത്തിനിടെ 139 ആത്മഹത്യകളും 284 സ്വയം വിരമിക്കലുകളും നടന്നു എന്ന സത്യം കാര്യങ്ങളുടെ വ്യാപ്തി വെളിവാക്കുന്നു. പ്രതികരിക്കാനോ പുറത്ത് പറയാനോ കഴിയാതെ സഹിച്ചും ക്ഷമിച്ചും കഴിയേണ്ടി വരുന്നവര്‍ നിവൃത്തികേടിന്റെ പാരമ്യത്തിലായിരിക്കും മരണത്തിലേയ്ക്കോ ജോലിക്ക് പുറത്തേയ്ക്കോ രക്ഷപ്പെടുന്നത്. ആത്മഹത്യ ചെയ്ത പലരുടെയും കുറിപ്പുകളില്‍ പറയുന്നത് സമാനമായ കാര്യങ്ങളാണ്. അമിത ജോലിഭാരം, മാനസിക പീഡനങ്ങള്‍, മേലുദ്യോഗസ്ഥരുടെ മനുഷ്യത്വം തീണ്ടാത്ത പെരുമാറ്റങ്ങള്‍ എന്നിവയാണ് പ്രധാനം.
സ്വതെ തന്നെ മാനസിക സമ്മര്‍ദം കൂട്ടുന്ന ജോലിയാണ് പോലീസുകാര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ പലതും അത്തരത്തിലുള്ളതായിരിക്കും. അത് അവരുടെ കുറ്റമല്ലല്ലോ.
ഇതിനു പുറമെയാണ്, പല കുറിപ്പുകളിലും കണ്ടതുപോലെ, മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മയമില്ലാത്ത പെരുമാറ്റങ്ങള്‍. കക്കൂസ് കഴുകാന്വരെ നിര്‍ബന്ധിതനായെന്ന, ഒരു പോലീസ് സേനാംഗത്തിന്റെ കുറിപ്പ്, ഇപ്പറയുന്ന മേലുദ്യോഗസ്ഥരുടെ മനസ്സാക്ഷിയില്ലായ്മയുടെ സൂചനയാണ്. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കുപോലും അവധി കിട്ടാത്ത വേദനയാണ് ഒരാള്‍ പങ്കുവയ്ക്കുന്നത്. ഏതു കാലത്താണ് നമ്മള് ജീവിക്കുന്നത്?
പോലീസുകാരും മനുഷ്യരാണെന്ന കാര്യം പലരും മറന്നുപോകുന്നു. അവര്‍ക്കും ജീവിതവും കുടുംബവും മോഹങ്ങളുമൊക്കെയുണ്ട്. കുടുംബ ബന്ധങ്ങള്‍ അവര്‍ക്കും വലുതാണ്. ആത്മാഭിമാനവും പ്രതീക്ഷകളും സ്നേഹവും സമാധാനവും ഒന്നും ഉന്നതര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുമ്പോഴും സ്വാഭിമാനം നിലനിര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് അംഗീകരിക്കാനുള്ള മനസ്ഥിതി എല്ലാവരും കാണിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇക്കാര്യത്തിനുള്ളു.
ഡ്യൂട്ടി ഭാരത്തിന്റെ പ്രശ്നം പിന്നെയും ബാക്കി നില്ക്കുന്നു. അര നൂറ്റാണ്ട് മുന്‍പത്തെ സ്റ്റാഫ് പാറ്റേണ്‍ ഇന്നും തുടരുന്നു എന്ന് പറയുമ്പോള്‍ സേനാ സംവിധാനത്തിന്റെ പോക്ക് എങ്ങനെ എന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തിയ സംഘം ഇന്നും പഠനം തുടരുന്നതല്ലാതെ റിപ്പോര്‍ട്ടോ നടപടിയോ ഇല്ല. സ്റ്റേഷനുകളിലെ അംഗ ബലം കൂട്ടണമെന്ന മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ടിലും നടപടിയില്ല. എല്ലാം മുറപോലെ പോകുന്നു. അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അനുഭവിക്കുന്നു. ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ ഒരു രാഷ്ട്രീയക്കാരനും ഇവരെക്കുറിച്ചു വേദനിക്കാന്‍ സമയമില്ല.
ഏതായാലും ഒരുകാര്യം, ചുമതലപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഉടയാത്ത കുപ്പായമിട്ട്, ശീതീകരിച്ച ഓഫീസിലും കാറിലും ഇരിക്കുന്നതുപോലെ സുഖമുള്ളതല്ല പൊരിവെയിലിലും പെരുമഴയിലും ജോലി ചെയ്യുന്നവരുടെ കാര്യം. അവരെക്കുറിച്ചു ചിന്തിക്കാനും വേണം ചിലരെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: