മോസ്കോ:കരിങ്കടല്‍ വഴി അസോള്‍ കടലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യയുടെ എണ്ണ നിറച്ച ഒരു കപ്പല്‍ നെടുകെ പിളര്‍ന്ന് മുങ്ങി. കെര്‍ച് കടലിടുക്കിലാണ് അപകടം. ശക്തമായ കൊടുങ്കാറ്റിലാണ് അപകടമുണ്ടായതെന്ന് പറയുന്നെങ്കിലും ആക്രമണമാകാമെന്നും സംശയിക്കുന്നുണ്ട്. വോള്ഗോ നെഫ്റ്റ്-212 എന്ന ചരക്ക് കപ്പലാണ് നെടുകെ രണ്ടായി പിളര്‍ന്ന ശേഷം മുങ്ങിയത്. റഷ്യയെ ക്രൈമിയയുമായി വേര്‍തിരിക്കുന്ന സുപ്രധാന കടലിടുക്കാണ് കെര്‍ച് കടലിടുക്ക്.
കപ്പലിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം 55 വര്‍ഷം പഴക്കമുള്ള കപ്പലായതിനാല്‍ മുങ്ങിയതാകാമെന്നും കരുതുന്നു. ഉപരോധം ഒഴിവാക്കാന്‍ കാലപ്പഴക്കമുള്ള, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കപ്പലുകളിലാണ് റഷ്യ എണ്ണ കടത്തുന്നത്. ഈ കപ്പലുകളെ പ്രേതങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. മറ്റൊരു കപ്പലും കൊടുങ്കാറ്റില്പെട്ടെങ്കിലും ഒരു വിധം രക്ഷപ്പെട്ടതായി പറയുന്നു. മുങ്ങിയ കപ്പലിലെ 15 ജീവനക്കാരില്‍ 12 പേരെ രക്ഷപ്പെടുത്തി.
തകര്‍ന്ന കപ്പലില്‍ നിന്നുള്ള കട്ടിയുള്ള അസംസ്കൃത എണ്ണ റഷ്യന്‍ കടല്‍ തീരത്ത് പരന്നിരിക്കുകയാണ്. ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘത്തെ വ്ളാഡിമിര്‍ പുടിന് രൂപീകരിച്ചിരിക്കുകയാണ്. കടലില്‍ എണ്ണ പരന്നത് മൂലമുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തം ഒഴിവാക്കുക, അപകടത്തിന്റെ കാരണം കണ്ടുപിടിക്കുക എന്നീ രണ്ട് ദൗത്യങ്ങളാണ് ഏല്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റഷ്യയുടെ സൈനിക ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എണ്ണക്കപ്പല്‍ ദുരന്തം. അതിനിടെ ഉക്രൈനുമായുള്ള യുദ്ധം രൂക്ഷമാവുകയാണ്. യുദ്ധം കടുത്ത നടപടികളിലേക്ക് കടക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമോ എന്നതിലാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: