ന്യൂദല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ വന്‍വിജയം സൃഷ്ടിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് തന്നെ ബലിയാടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഒരു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മണി ശങ്കര്‍ അയ്യര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. എ മേവറിക് ഇന്‍ പൊളിറ്റിക്സ് (A Maverick in Politics) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചായിരുന്നു ഈ അഭിമുഖം. തന്നെ വലിയൊരു നേതാവാക്കി ഉയര്‍ത്തിയതും പിന്നീട് തന്നെ ഒന്നുമല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്ന് മണി ശങ്കര്‍ അയ്യര്‍ ഈ പുസ്തകത്തില്‍ തുറന്നടിക്കുന്നു. ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിനെതിരെ ഇത്രയും ശക്തമായ ആക്രമണം മണി ശങ്കര്‍ അയ്യര്‍ നടത്തുന്നത്.
“അവര്‍(കോണ്‍ഗ്രസ്) ഗുജറാത്തില്‍ 2014ല്‍ നടന്ന തെരഞ്ഞെടുപ്പിലും 2017ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഒരു ബലിയാടായി എന്ന കണ്ടു. താനും മുന്‍പൊക്കെ പലപ്പോഴും രാഹുല്‍ ഗാന്ധിയുടെ പരാജയം മറയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ്. “- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
2014ല്‍ ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഗുജറാത്തില്‍ ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ ആകെ 26 ലോക്സഭാ സീറ്റുകള്‍ ആണ് ഉള്ളത്. 2019ല്‍ ബിജെപിക്ക് 15ഉം കോണ്‍ഗ്രസിന് 11ഉം സീറ്റുകള്‍ ആയിരുന്നുവെങ്കില്‍, 2014ല്‍ ബിജെപി 26 സീറ്റുകളും തൂത്തുവാരി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിജയിക്കാനായില്ല. അത്രയ്ക്ക് നാണം കെട്ട തോല്‍വിയായിരുന്നു.
പിന്നീടാണ് 2017ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സഖ്യം 99 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായത് 77 സീറ്റുകള്‍ മാത്രം. സ്വതന്ത്രര്‍ മൂന്ന് സീറ്റും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റുകളും എൻസിപി ഒരു സീറ്റും നേടി. ആകെ 182 നിയമസഭാ സീറ്റുകളാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞെട്ടി. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും രാഹുല്‍ ഗാന്ധിയുടെ ദൗര്‍ബല്യം മൂലവും ബിജെപിയുടെ ആസൂത്രിത പ്രവര്‍ത്തനം മൂലവും ബിജെപി നേടിയ ജയത്തിന് രാഹുല്‍ ഗാന്ധിയ്ക്ക് പകരം മണി ശങ്കര്‍ അയ്യര്‍ ബലിയാടാവുകയായിരുന്നു.
2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം പിടിച്ചു
2014ല്‍ ആണ് ബിജെപി മോദിയുടെ നേതൃത്വത്തില്‍ ഭരണത്തിലേക്ക് കുതിച്ചെത്തിയത്. ഒരു 2012ല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ മോശമായിരുന്നു. സോണിയാഗാന്ധി രോഗത്തിനടിമപ്പെട്ടു. മന്മോഹന് സിങ്ങിനാകട്ടെ ആറ് ബൈപാസ് ശസ്ത്രക്രിയകളാണ് നടന്നത്. ഇതോടെ രണ്ട് തിരിച്ചടിയാണ് നേരിട്ടത്. സര്‍ക്കാരിനെ ഫലപ്രദമായി നയിക്കാന്‍ ആളില്ലാത്ത സ്ഥിതി വന്നു. കോണ്‍ഗ്രസ് തലപ്പത്ത് സോണിയാഗാന്ധിയുടെ രോഗാവസ്ഥയും ക്ഷീണമുണ്ടാക്കി. ഇതോടെ ഞാന്‍ നിര്‍ദേശിച്ചത് മന്മോഹന് സിങ്ങിന് പകരം പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രധാനമന്ത്രി ആക്കാനാണ്. പകരം മന്‍മോഹന്‍സിങ്ങിനെ രാഷ്ട്രപതിയാക്കമാമെന്നും ആണ്. പക്ഷെ ആ നിര്‍ദേശം ആരും ചെവിക്കൊണ്ടില്ല. ഒരു പക്ഷെ 2012ല്‍ ഇത് നടന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ് 2014ല്‍ ജയിക്കുമായിരുന്നു എന്നും മണിശങ്കര്‍ അയ്യര്‍ തന്റെ പുസ്തകത്തില്‍ വാദിക്കുന്നു. എങ്കില്‍ മോദി ഒരിയ്ക്കലും പ്രധാനമന്ത്രിയാകുമായിരുന്നില്ലെന്ന് മണി ശങ്കര്‍ അയ്യര്‍ പുസ്തകത്തില്‍ വാദിക്കുന്നു.
മോദിയെ ചായ് വാല എന്ന് വിളിച്ചില്ല
താന്‍ 2014ല്‍ മോദിയെ ഒരിയ്ക്കലും ചായ് വാല എന്ന് വിളിച്ചില്ലെന്ന് മണിശങ്കര്‍ അയ്യര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. പകരം ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ 2014ലെ തെരഞ്ഞെടുപ്പിന് മുന്‍പ് വിളിച്ച കോണ്‍ഗ്രസ് സമ്മേളനത്തില്‍ താന്‍ പറഞ്ഞത് മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ ഒരിയ്ക്കലും ജയിപ്പിക്കില്ല എന്നാണ്. “ആ സമയത്ത് മോദി തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയാകുമെന്ന് വലിയ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞു, മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ ജയിപ്പിക്കാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന മോദി വീണ്ടും ചായ വില്ക്കാന് പോകുമായിരിക്കും. കോണ്‍ഗ്രസ് തന്നെ അദ്ദേഹത്തിന് അതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കും. “- ഇത്ര മാത്രമാണ് താന്‍ അന്ന് സംസാരിച്ചതെന്ന് മണി ശങ്കര്‍ അയ്യര്‍ പറയുന്നു. പകരം മാധ്യമങ്ങള്‍ താന്‍ മോദിയെ ചായ് വാല എന്ന് വിളിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് മൃഗീയമായി 2014ലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തന്റെ ചായ് വാല കമന്റ് ആണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്ന് പറഞ്ഞ് അവര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 44 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. വാസ്തവത്തില്‍ മന്മോഹന് സിങ്ങിന്റെ ഭരണത്തില്‍ 2013 മുതല്‍ ഭരണമേ ഇല്ലാതിരുന്നതാണ് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് കാരണമായതെന്ന് മണിശങ്കര്‍ അയ്യര്‍ വിശദീകരിക്കുന്നു.
നരസിംഹ റാവു ദിനങ്ങളിള്‍ നേതാവായി
83 വയസ്സായ മണിശങ്കര്‍ അയ്യര്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെപ്പറ്റിയാണ് പറയുന്നത്. പി.വി. നരസിംഹറാവു എന്ന നേതാവിനെതിരെ ഗാന്ധി കുടുംബം നിലകൊണ്ടപ്പോഴാണ് ഗാന്ധി കുടുംബത്തിന് അനുകൂല നിലപാടെടുത്ത മണി ശങ്കര്‍ അയ്യര്‍ നേതൃസ്ഥാനത്തേക്ക് ഉയരുന്നത്. പിന്നീട് യുപിഎ ഒന്നാം മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിയായി. പിന്നീട് താന്‍ അനുഭവിച്ച തരംതാഴ്ത്തലും അവഗണനയും വരെ തന്റെ പുതിയ പുസ്തകത്തില്‍ മണിശങ്കര്‍ അയ്യര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: