പ്രൊഫ.ടി.പി. ശങ്കരന്‍കുട്ടിനായര്‍
(മുന്‍ ഡയറക്ടര്‍ ജനറല്‍,പൈതൃകപഠന കേന്ദ്രം)
മലയാള സാഹിത്യത്തില്‍ അടിസ്ഥാനപരമായ ഗവേഷണങ്ങള്‍ നടത്തി ചരിത്രരചന നിര്‍വ്വഹിച്ച പി.കെ.പരമേശ്വരന്‍നായര്‍ കഥാവശേഷനായത് ഒരു നവംബര്‍ മാസത്തില്‍. ജനനവും (നവംബര്‍ രണ്ട് 1903) മരണവും (നവംബര്‍ 25, 1988) സംഭവിച്ച പി.കെ.സാര്‍ സാഹിത്യനായകന്മാരേയും അവരുടെ മഹാഗ്രന്ഥങ്ങളേയും സസൂക്ഷ്മം അപഗ്രഥനം ചെയ്ത് വിവിധ സാഹിത്യശാഖകള്‍ക്ക്് തനതായ സംഭാവനകള്‍ നല്കിയ ഒരു മഹാശയനാകുന്നു. അദ്ദേഹം തന്റെ ”സാഹിത്യപഞ്ചാനനന്‍” (1944 ല്‍ പ്രസിദ്ധീകരിച്ചത്) . ”സി.വി.രാമന്‍പിള്ള” (1948 ല്‍ പ്രസിദ്ധീകരിച്ചു) എന്നീ ജീവ സാഹിത്യചരിത്രങ്ങള്‍ നിര്‍മ്മിക്കുക വഴി കേരളചരിത്ര ശാഖക്ക് മഹത്തായൊരു ക്രിയാത്മകത നല്‍കുകയാണ് ചെയ്തത്.
ചരിത്രം ഒരു കണ്ണാടിയിലൂടെ കാണുംവിധം കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചരിത്രകാരന്റെ പങ്ക് അമൂല്യമാണ്. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം എഴുതപ്പെടുന്ന ചരിത്രം സത്യസന്ധമായിരിക്കണമെന്നില്ല. രേഖകളെ വിലയിരുത്തുകയും അതുവഴി സമകാലിക സാഹിത്യ ഗവേഷണം നടത്തി താരതമ്യപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ചരിത്രകൃതിക്ക് അതിന്റെ ഓജസ്സ് ലഭിക്കുകയുള്ളു. ഒരു സാഹിത്യകാരന് എന്നനിലയില്‍ പി.കെ.ജീവചരിത്ര ശാഖയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. അതും പല ചരിത്ര പുരുഷന്മാരുടേയും പഠനത്തിലൂടെ. ഇതുവഴി ചരിത്ര പുരുഷന്മാരെപ്പറ്റിമാത്രം പ്രതിപാദിക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് ആ ചരിത്ര പുരുഷന്മാരുടെ നാടും നാട്ടാരും അതില്‍ വരുന്നുണ്ട്. കഥാപുരുഷന്മാരുടെ കാലത്ത് നടന്ന കാര്യങ്ങള്‍ മാത്രമല്ല, അതിന് മുമ്പും പിമ്പും നടന്ന കാര്യങ്ങളും ഗവേഷണ വിധേയമാക്കിയിട്ടുണ്ട്. അതുമൂലം ഒരു സാഹിത്യശാഖക്ക് പകരം പല സാഹിത്യ ശാഖകളില്‍ സ്ഥാനം പിടിക്കാന്‍ പി.കെ.യുടെ കൃതികള്‍ക്ക് കഴിഞ്ഞു. ഒരേ സമയം അവ സാഹിത്യ ചരിത്രവും ജീവചരിത്രവും ചരിത്രവുമായി ഭവിക്കുന്നു. ചിലത് കേരളത്തേയും, മലയാളത്തേയും ബന്ധിപ്പിക്കുന്നു. മറ്റു ചിലവ ഭാരതീയമാണ്. മറ്റു ചിലവ ആഗോള കാര്യങ്ങളില്‍ മുഴുകി എഴുതപ്പെട്ടവയാണ്.
നെപ്പോളിയനും ജോസഫയിനും (1932) നെപ്പോളിയന്റെ ജീവിത സായാഹ്നം (1939) വോള്‍ട്ടയര്‍ (1947) എന്നിവ ഇപ്രകാരം ആഗോള കാര്യങ്ങള്‍ കൂടി പ്രതിപാദിക്കുന്ന സാഹിത്യ ചരിത്ര കൃതികളാകുന്നു. ഈ വിഷയങ്ങളെ പറ്റി മലയാള ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ട കൃതികളും കൂടിയാണിവ. തന്റെ ഏറ്റവും നല്ല കൃതിയായി പി.കെ.സാര്‍ കരുതുന്നതും വോള്‍ട്ടയറാണ്. 1949 ല്‍ പുറത്തിറങ്ങിയ” മഹാത്മാഗാന്ധിന്ധിയുടെ ജീവചരിത്രത്തില്‍ ഗാന്ധിയന്‍ യുഗവും ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ ലഘു ചരിത്രവും ലഭിക്കുന്നു. 1935 ല്‍ പ്രസിദ്ധപ്പെടുത്തിയ തുഞ്ചത്താചാര്യന്, 1944 ലെ സാഹിത്യ പഞ്ചാനന്‍, 1947 ലെ സി.വി.,1952 ലെ ശ്രീകണ്ഠേശരം പത്മനാഭപിള്ള എന്നിവ കേരള ചരിത്ര കുതികികള്‍ക്ക് അപൂര്‍വ്വമായ അനുഭൂതി ഉളവാക്കുന്ന കൃതികളാണ്. ഇടയ്ക്കിടെ പ്രധാനവിഷയത്തില്‍ നിന്നും അകന്നുപോകുമെങ്കിലും അത് അദ്ദേഹത്തിന്റെ കൃതികളുടെ മാറ്റ് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തൊള്ളു. സിവിയിലും സാഹിത്യപഞ്ചാനനിലും അടങ്ങുന്ന കേരള ചരിത്രാംശം മറ്റു ചരിത്രകൃതികളില്‍ പോലും കാണാത്തവയാണ്. ഈഴവമെമ്മോറിയല്‍, തിരുവിതാംകൂര്‍ മെമ്മോറിയല്‍, പുലയലഹള തുടങ്ങി പല കാര്യങ്ങളും ഗ്രഹിച്ച് അതിനെപ്പറ്റി കൂടുതല്‍ ഗഹനമായ പഠനങ്ങള്‍ നടത്തുന്നതിന് ഈ കൃതികള്‍ ഓരോ മലയാളിയേയും സഹായിക്കുന്നു.
1954 ല്‍ അച്ചടിച്ച ആധുനിക മലയാളസാഹിത്യം, 1958 ലെ മലയാള സാഹിത്യ ചരിത്രം എന്നിവ മലയാള സാഹിത്യത്തിന്റെ ഉത്ഭവം തൊട്ടുള്ള ചരിത്രം അവലോകനം ചെയ്യുന്നു. മലയാള സാഹിത്യ ചരിത്രം എഴുതിയിട്ടുള്ളവരുടെ സംഖ്യക്ക് എണ്ണമില്ല. അവയില്‍ പലതും നല്ല പഠനങ്ങളുമാണ്. എന്നാല്‍ അവയില്‍ ചിലത് ഗവേഷകര്‍ക്ക് മാത്രം ഉതകുന്നവയാണ്; മറ്റു ചിലത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രയോജനമുള്ളതും. ചിലത് ഗവേഷകര്‍ക്ക് മാത്രം ഉപകാരപ്പെടുന്നതുമാണ്. പി.കെ.യുടെ കൃതികള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരേ സമയം ഗവേഷകനും, ചരിത്രകാരനും പൊതുവായനക്കാരനും പ്രയോജനമുള്ളവയാണ്. കൊള്ളേണ്ടതുംകൊണ്ട് കാര്യം നിര്‍വഹിക്കുവാന്‍ ഏതുതരം സാഹിതൃകൃതിക്കും കഴിയും പി.കെ.യുടെ കൃതികളിലൂടെ.
ടൈറ്റില്‍ പേജില്‍ പേരില്ലെങ്കിലും പി.കെ.പരമേശ്വരന് നായര്‍ രചിച്ചതാണ് എന്‍.എസ്.എസിന്റെ ചരിത്രം (ഒന്നാം ഭാഗം) ചങ്ങനാശ്ശേരിയില്‍ നിന്ന് 1972 ല്‍ പുറത്തിറക്കിയ ഗ്രന്ഥം 498 പേജുകളുള്ളതാണ്. ഒരു സമുദായത്തിന്റെ ചരിത്രമെന്ന നിലയില്‍ ചില പോരായ്മകള്‍ വന്നുകൂടിയിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥത്തില്‍ നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ള വിവരങ്ങള്‍ മാത്രമല്ല ഉള്ളത്. എന്‍.എസ് എന്ന് സ്ഥാപിക്കും മുമ്പ് നായര്‍ സമാജങ്ങളുടെ രൂപീകരണം മുതല്ക്കുള്ള പ്രാരംഭ ചരിത്രം വിശദമായി നമുക്ക് ലഭിക്കുന്നു. അദ്ദേഹം പല നായര്‍ നേതാക്കന്മാരുമായി നിത്യസമ്പര്‍ക്കത്തിലായിരുന്നതിനാല്‍ അവരുടെ അനുഭവങ്ങളും അതുവഴി ലഭ്യമായ വിവരണം കൂടി ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പിലാത്തവരുമായി നടത്തിയിരുന്ന ഭാഷണങ്ങളുടെ ആകെത്തുക പ്രസ്തുത ഗ്രന്ഥത്തില്‍ കാണാം. നേതാക്കന്മാര് തങ്ങളുടെ ഡയറികളില്‍ കുറിച്ചിട്ടിരുന്നതും അതുപോലെ ലഭ്യമായ വിവരങ്ങളുമെല്ലാം ചേര്‍ത്തെഴുതിയ ഈ ഗ്രന്ഥം ആധുനിക കേരളചരിത്ര ഗവേഷകര്‍ക്കു ഒരുവഴി കാട്ടിയാണ്. ഇന്നും അതില്‍ അടങ്ങിയിരിക്കുന്ന ചരിത്ര വസ്തുതകള്‍ ഒരു ഖനിപോലെയോ നീരുറവ പോലെയോ ആണെന്ന് നമുക്ക് ബോധ്യപ്പെടും. അത്തരം ഒരു കൃതിയുടെ രണ്ടാംഭാഗം പ്രസിദ്ധപ്പെടുത്താന്‍ എന്‍.എസ്.എസ്. പല മഹാരഥന്മാരേയും ഏല്പിച്ചുവെങ്കിലും രണ്ടുദശകങ്ങള്‍ പിന്നിട്ടശേഷമാണത് നിറവേറ്റപ്പെട്ടത്. അതുതന്നെ ക്ലിഷ്ടകരമായ ഒന്നാംഭാഗനിര്‍മ്മാണത്തിന്റെ മൂലം ഉത്തരോത്തരം വര്‍ദ്ധിപ്പിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഭൂജാതനായി സ്വന്തം പ്രയത്നം കൊണ്ട് സാഹിത്യാചാര്യ പദവി ആര്‍ജ്ജിച്ച പി.കെ.പരമേശ്വരന് നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ നാമം കേരളീയര്‍ക്കിടയില്‍ എന്നെന്നും നിലനില്‍ക്കുന്നതിന് ഒരു പ്രതിമ സ്ഥാപിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ കൃതികള്‍ അദ്ദേഹത്തെ മലയാള മനസ്സില്‍ അനശ്വരനാക്കിത്തീര്‍ത്തിരിക്കുന്നു.
ആത്മകഥാ സാഹിത്യം, സര്‍വ്വോദയ സാഹിത്യം, നിരൂപണ സാഹിത്യം, ഗദ്യ സാഹിത്യം, ജീവചരിത്ര സാഹിത്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒരേ സമയം അനശ്വരത കൈവന്നിട്ടുള്ള പി.കെ.യുടെ സാഹിത്യ ചരിത്രകൃതികളുടെ മൂല്യനിര്‍ണ്ണയിക്കുക സുസാദ്ധ്യമായ ഒന്നല്ല. തന്റെ കൃതികളിലൂടെ ചരിത്ര സാഹിത്യത്തിന് അദ്ദേഹം നല്കിയ ഓജസ്സും തേജസ്സും ഒരിക്കലും മങ്ങുന്നതുമല്ല. അദ്ദേഹത്തിന്റെ ആത്മാവിന് ഈ ചരമവാര്‍ഷിക വേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മൂന്നുവ്യാഴവട്ടമായി അദ്ദേഹം നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ് എന്ന് പറയാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: