പരവൂര്‍: നഗരത്തിലും കൊല്ലം-പരവൂര്‍ തീരദേശ റോഡിലും യുവാക്കളുടെ വാഹനാഭ്യാസം വര്‍ധിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. നമ്പരില്ലാത്ത ബൈക്കുകളിലും കാറുകളിലുമാണ് യുവാക്കളുടെ മത്സരയോട്ടം. തലങ്ങും വിലങ്ങും ബൈക്കുകള്‍ വലിയ ശബ്ദത്തോടെ ചീറി പായുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ടൂറിസം കേന്ദ്രങ്ങളില്‍ ആളൊഴിയുന്ന സമയത്താണ് അഭ്യാസം. പരവൂര്‍ ടൗണ്‍ മേഖലയില്‍ പകല്‍ സമയങ്ങളിലും തീരദേശ റോഡില്‍ രാത്രിയുമാണ് അപകടകരമായ രീതിയില്‍ വാഹനങ്ങളുമായി യുവാക്കളുടെ കൈവിട്ടകളി. പോലീസിനെ കണ്ടാല്‍ ഇക്കൂട്ടര്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നത് മറ്റു വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
വാഹനാഭ്യാസങ്ങള്‍ക്ക് എത്തുന്ന പല ഇരുചക്ര വാഹനങ്ങള്‍ക്കും കൃത്യമായി നമ്പര്‍ പ്ലേറ്റോ രേഖകളോ ഉണ്ടാകാറില്ല. ഇത്തരക്കാരെ പിടികൂടുമ്പോള്‍ പലര്‍ക്കും ലൈസന്‍സും കാണുകയില്ല. കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുചക്ര വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നത്. പരവൂര്‍ തെക്കുംഭാഗം-കാപ്പില്‍ റോഡില്‍ പലയിടത്തും തെരുവുവിളക്ക് ഇല്ലാത്തതും നാട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
അഭ്യാസം റീല്‍സിന്
സാമൂഹ്യ മാധ്യമങ്ങളില്‍ റീല്‍സ് ഉണ്ടാക്കി വീഡിയോ ഷെയര്‍ ചെയ്യുന്നതിനായി നിയമ വിരുദ്ധമായി വാഹനങ്ങളില്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ പ്രദേശത്ത് പതിവാണ്. ഇത്തരത്തില്‍ വര്‍ക്കല-കാപ്പില്‍ റോഡില്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും പതിവാണ്.
കാപ്പില്‍ ബീച്ച് റോഡ്, തെക്കുംഭാഗം-പൊഴിക്കര റോഡ്, പൊഴിക്കര-മുക്കം-മയ്യനാട് തീരദേശ റോഡ് എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിസിടിവി സ്ഥാപിക്കുകയും വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നും ആവശ്യമുണ്ട്.
വിദ്യാലയങ്ങള്‍ക്ക് സമീപത്തും ഇരുചക്രവാഹനങ്ങളില്‍ ഷോ കാണിക്കാന്‍ എത്തുന്നവരുടെ ശല്യം കൂടുതലാണ്. അടുത്തകാലത്താണ് പരവൂര്‍ എസ്എന്‍വി ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റത്. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അവധി ദിനങ്ങളിലാണ് അഭ്യാസ പ്രകടനക്കാര്‍ കൂടുതലായും എത്തുന്നത്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് യുവാക്കളുടെ മരണക്കളി. പിന്തുടര്ന്നാല് തന്നെ അമിതവേഗം കാരണം പിടികൂടാനാകുന്നില്ലെന്ന് പോലീസ് പറയുന്നു. ട്രാഫിക് നിരീക്ഷണ ക്യാമറ സംവിധാനം ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി.
അമിതവേഗത്തില്‍ ഓടിക്കുന്ന ബൈക്കുകള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗം നേരത്തേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. മത്സരയോട്ടം നടത്തി അപകടം വരുത്തിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമപ്രകാരം കഴിയുമെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി നടപടികള്‍ ലഘുകരിക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: