സന്നിധാനം: മണ്ഡല മകരവിളക്ക് മഹോത്സവം ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ തീര്‍ഥാടനകാലം സുഗമം ആയിരുന്നെന്ന് ഉന്നതതല വിലയിരുത്തല്‍. എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ് തീര്‍ത്ഥാടനം സുഗമമായി മുന്നോട്ടു പോകാന്‍ സാധിക്കുന്നതെന്ന് ഇന്നലെ ന്നിധാനത്തു നടന്ന ഉന്നതല യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം അരുണ്‍ എസ്. നായര്‍ പറഞ്ഞു. സോപാനത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ സജ്ജമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നല്കാന് പരിശീലനം ലഭിച്ച ആളെ സോപാനത്ത് സജ്ജമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
മാളികപ്പുറം ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് വിശുദ്ധി സേനാംഗങ്ങള്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്ക് ജെസിബി ഉപയോഗിച്ചാല്‍ മാലിന്യനീക്കം സുഗമമാകുമെന്ന് എഡിഎം ചൂണ്ടിക്കാട്ടി. അരവണ പ്ലാന്റിന് പിറകില്‍ ചാക്കുകള്‍ കുന്നുകൂടുന്നത് ദിനേന നീക്കം ചെയ്യും. വാപുര നടയുടെ മുന്നിലുള്ള മരത്തിന് ചുറ്റുമുള്ള വേലികള്‍ എടുത്തുമാറ്റും. ഇവിടെ മാലിന്യം ഇടുന്നതു തടയും. കൊപ്ര കളത്തില്‍ താമസിക്കുന്നവരെ അവിടെനിന്നു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് എഡിഎം നിര്‍ദേശം നല്കി. ശനിയാഴ്ച കൊപ്ര സൂക്ഷിച്ച ഷെഡില്‍ തീപ്പിടിച്ചു പുകഉയര്ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൊപ്രാക്കള പരിസരത്ത് ജാഗ്രത പാലിക്കും. സോപാനത്ത് ഫോട്ടോ എടുക്കുന്നതിനുള്ള നിരോധനം ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണം. സന്നിധാനത്ത് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കണമെന്നും ഉന്നതലയോഗം നിര്‍ദ്ദേശിച്ചു
കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 ഓളം പരിശോധനകള്‍ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ 287 കോളുകള്‍ അറ്റന്‍ഡ് ചെയ്ത് അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു. ഹോട്ടലുകളില്‍ അനുവദനീയമായ അഞ്ചില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് തടയും. യോഗത്തില്‍ സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, സന്നിധാനം എഎസ്ഒ ടി.എന്‍. സജീവ്, ജിഎസ്ഒ ഉമേഷ് ഗോയല്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന് എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: