പാലക്കാട്: നാല് വിദ്യാര്‍ത്ഥികളുടെ ജീവന് എടുത്ത പനയമ്പാടത്തെ അപകടസ്ഥലത്ത് സന്ദര്‍ശനം നടത്തിയ ഗതാഗത മന്ത്രി കെബി ഗണേശ് കുമാര്‍ അടിയന്തര പരിഷ്കരണം നിര്‍ദേശിച്ചു. നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു.
റോഡ് നവീകരണം നടത്താന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും അവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാര്‍ കരിമ്പയില്‍ മാധ്യമങ്ങളോട് സംസാരിക്കെ പറഞ്ഞു.
നാട്ടുകാരുടെ പരാതികള്‍ കേട്ട മന്ത്രി അപകടക്കെണി മനസിലാക്കാന്‍ ഔദ്യോഗിക വാഹനം സ്വയം സ്ഥലത്ത് ഓടിച്ചു നോക്കി. അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടുകളിലെത്തിയ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നല്കുന്നതില് തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു.
അപകടം ഒഴിവാക്കാന്‍ റോഡിന്റെ പ്രതലം പരുക്കന്‍ ആക്കുന്നത് ഉള്‍പ്പെടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ല ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് സംയുക്ത സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: