സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിന് രജനീകാന്തിനോളം അനുയോജ്യനായൊരു ഉടമയില്ല. ഇന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ഇന്നും ആകാംഷയോടെയാണ് ആരാധകര്‍ തീയേറ്ററിലേക്ക് എത്തുന്നത്. 74-ാം വയസിലും തീയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റാന്‍ രജനീകാന്തിന് സാധിക്കുന്നുണ്ട്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭാസം തന്നെയാണ് രജനീകാന്ത്
ഇന്ന് രജനീകാന്ത് തന്റെ 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ നാളാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം അവര്‍ പാലഭിഷേകമടക്കം ചെയ്തുകൊണ്ട് ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി കമല്ഹാസന് മുതല്‍ മോഹന്‍ലാല്‍ വരെയുള്ള പ്രമുഖരെല്ലാം എത്തിയിട്ടുണ്ട്
സാധാരണക്കാരനില്‍ നിന്നും തമിഴകത്തിന്റ തലൈവരിലേക്കുള്ള രജനീകാന്തിന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. 1950 ഡിസംബര്‍ 12 ന് ബാംഗ്ലൂരിലായിരുന്നു രജനീകാന്തിന്റെ ജനനം. മറാഠി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. ശിവാജി റാവു ഗെയ്ഗ്വാദ് എന്നാണ് അച്ഛനും അമ്മയും നല്കിയ പേര്. തന്റെ ഒമ്പതാം വയസില്‍ തന്നെ രജനീകാന്തിന് അമ്മയെ നഷ്ടമായി. കുട്ടിക്കാലം മുതല്ക്കു തന്നെ അദ്ദേഹത്തിന് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു.
ബസ് കണ്ടക്ടറായും ആശാരിയായും കൂലിയായുമെല്ലാം രജനീകാന്ത് ജോലി ചെയ്തിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചിരുന്ന രജനീകാന്തിന് അഭിനയത്തോട് അതിയായ മോഹമായിരുന്നു. പിന്നീട് താരം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുകയായിരുന്നു. തന്റെ കാമുകിയാണ് താന്‍ സിനിമ പഠിക്കാന്‍ കാരണമെന്നും അവള് നല്കിയ പണം കൊണ്ടാണ് താന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയതെന്നും രജനീകാന്ത് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പ്രണയിനിയെ അദ്ദേഹത്തിന് നഷ്ടമായി. ഇന്നും ആള്‍ക്കൂട്ടത്തില്‍ ആ കാമുകിയെ താന്‍ തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വില്ലന്‍ വേഷത്തിലൂടെയാണ് രജനീകാന്ത് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയായ അപൂര്‍വ്വ രാഗങ്ങളുടെ സംവിധായകന് കെ ബാലചന്ദ്രര്‍ ആണ് ശിവാജി റാവു എന്ന പേര് രജനീകാന്ത് ആക്കി മാറ്റുന്നത്. അവിടുന്നങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണ്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ സമ്മാനിച്ച് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായി അദ്ദേഹം വളര്‍ന്നു. ആ യാത്ര ഇന്നും അതേ ആവേശത്തോടെ തുടരുകയാണ് രജനീകാന്ത്.
രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നല്കി ആദരിച്ചിട്ടുണ്ട് രജനീകാന്തിനെ. ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് രജനീകാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനീകാന്തിന്റെ പുതിയ സിനിമ. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന് ഷാഹിര്‍, ശ്രുതി ഹാസന്, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആമിര്‍ ഖാന്റെ അതിഥി വേഷവും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: