ശ്രീനഗർ : വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് കശ്മീർ താഴ്വരയിലെ സമതലങ്ങളിലെ പല പ്രദേശങ്ങളിലും സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ലഭിച്ചു. താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും കുറഞ്ഞ താപനില അനുഭവപ്പെട്ടതായി അധികൃതർ പറഞ്ഞു.
ഷോപിയാൻ, പുൽവാമ, ബാരാമുള്ള സമതലങ്ങളിലും അനന്ത്നാഗ്, ബുദ്ഗാം, ബന്ദിപ്പോര എന്നിവയുടെ മുകൾ പ്രദേശങ്ങളിലും നല്ല രീതിയിൽ മഞ്ഞുവീഴ്ചയുണ്ടായി. അതേസമയം ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ മഞ്ഞുവീഴ്ചയുണ്ടായില്ല.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗ്, സോനാമാർഗ്, താങ്മാർഗ്, ഗുരേസ്, സോജില പാസ് എന്നിവയുൾപ്പെടെ താഴ്വരയുടെ ഉയർന്ന ഭാഗങ്ങളിൽ നേരിയ മഞ്ഞുവീഴ്ച കണ്ടു. സോജില ചുരത്തിൽ മഞ്ഞ് അടിഞ്ഞുകൂടിയതിനാൽ, ശ്രീനഗർ-ലേ ഹൈവേ ഗതാഗതത്തിനായി അടച്ചു.
ബന്ദിപ്പോര-ഗുരേസ് റോഡും മുഗൾ റോഡും അടച്ചതായി അധികൃതർ അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യാനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനും ജോലിക്കാരെയും ഹിറ്റാച്ചികളെയും വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രീനഗറിൽ കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി മൈനസ് 3 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉയർന്നു. ഗുൽമാർഗിൽ മൈനസ് 5.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ വാർഷിക അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഹൽഗാമിൽ കുറഞ്ഞത് മൈനസ് 4.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കശ്മീരിലേക്കുള്ള ഗേറ്റ്വേ നഗരമായ ഖാസിഗണ്ടിൽ കുറഞ്ഞ താപനില 0.2 ഡിഗ്രി സെൽഷ്യസും വടക്കൻ കശ്മീരിലെ കുപ്വാരയിൽ കുറഞ്ഞത് 0.5 ഡിഗ്രി സെൽഷ്യസും തെക്കൻ കശ്മീരിലെ കോക്കർനാഗിൽ മൈനസ് 1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കൂടാതെ ഉയർന്ന പ്രദേശങ്ങളിൽ മിതമായ മഴയും അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: