1971 ല്‍ ഭാരതം പാകിസ്ഥാനുമായി ഏറ്റുമുട്ടിയത് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനായിരുന്നില്ല. അയല്‍രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്താനായിരുന്നു. അതിന്റെ ഫലമായിട്ടാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവി. ആയിരക്കണക്കിന് ഭാരതീയ സൈനികര്‍ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയതാണ് ബംഗ്ലാദേശ്. ഭാരതത്തോട്, അതേ ബംഗ്ലാദേശിലെ പുതിയ ഭരണകൂടം ചതി നടത്തുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ കൊല്ലത്ത്, ഒരു സൈനികനു സൈനികര്‍ നിര്‍മിച്ച സ്മാരകവും ശ്രദ്ധനേടി. 1971 ലെ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികന് ജന്മനാട്ടില്‍ സ്മാരകം പണിതിരിക്കുന്നു. അരനൂറ്റാണ്ടു മുന്‍പ് വീരമൃത്യു വരിച്ച സൈനികന് സൈന്യം തന്നെ സ്മാരകം നിര്‍മിക്കുന്നത് അപൂര്‍വ നടപടി. കശ്മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച സൈനികന്‍ ജാട്ട് റെജിമെന്റ് സെക്കന്‍ഡ് ലെഫ്റ്റനന്റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിനാണ് കൊല്ലം ആശ്രാമം മൈതാനത്ത് സ്മാരകം പണിതത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ വിദ്യാര്‍ഥിയാണ് രാധാമോഹന്‍ നരേഷ്.
രാജ്യത്തിന്റെ അഭിമാന താരകങ്ങളായ വീരജവാന്മാരുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍ രാജ്യത്ത് പലസ്ഥലത്തും ഉണ്ട്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവത്യാഗം നടത്തിയ സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി നിര്‍മിച്ചതാണ്. ഇവ രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തേയും ത്യാഗവുമുള്ള ചരിത്രത്തേയുമാണ് പ്രതിനിധീകരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നാണ് ന്യൂദല്‍ഹിയിലെ ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനു വേണ്ടി 1931 ല്‍ നിര്‍മിക്കപ്പെട്ട സ്മാരകം. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഭാരത സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചു. അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ സ്മരിക്കാനായി ലഡാക്കില്‍ നിര്‍മിച്ച സ്മാരകത്തിലെ ‘ഓപ്പറേഷന്‍ വിജയ്’ ചിഹ്നം യുദ്ധത്തിന്റെയും വിജയത്തിന്റെയും സൈനികരുടെ ത്യാഗത്തിന്റെയും പ്രതീകമാണ്.
1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികള്‍ക്കായുള്ള പാട്നയിലെ രക്തസാക്ഷി മണ്ഡപം, തെലങ്കാന സമര സേനാനികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്മരണയ്‌ക്കായുള്ള ഹൈദരാബാദിലെ തെലങ്കാന ഷഹീദ് സ്മാരകം, 1971 ലെ ഭാരത-പാക് യുദ്ധത്തിലെ നേവി വിജയത്തിന്റെ ഓര്‍മയ്‌ക്കായി വിശാഖപട്ടണത്ത് നിര്‍മിച്ച നേവി സ്മാരകം എന്നിവയെല്ലാം പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവത്യാഗം നടത്തിയ സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി നിര്‍മിച്ചതാണ്. ഇവ രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തേയും ത്യാഗ ചരിത്രത്തേയുമാണ് പ്രതിനിധീകരിക്കുന്നത്.
1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അനുസ്മരിക്കാന്‍ അതിന്റെ 100-ാം വാര്‍ഷികമായിരുന്ന 1957ല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച സ്മൃതി മണ്ഡപമാണ് തിരുവനന്തപുരത്തെ രക്തസാക്ഷിമണ്ഡപം. അതിന്റെ ഉദ്ഘാടനത്തിന്
ആലപിക്കാന്‍ ചിട്ടപ്പെടുത്തിയതാണ് ബലികുടീരങ്ങളേ… എന്ന ഗാനം. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന്റെ വിവിധ യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 25,000 ത്തിലധികം സൈനികരുടെ പേരുകള്‍ ഈ സ്മാരകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സൈനികരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗവും വീരത്വവും അനുസ്മരിക്കുന്നതോടൊപ്പം ഭാവികാലത്തെ താല്‍പര്യങ്ങള്‍ക്കും രാജ്യസ്നേഹത്തിനും പ്രചോദനമായ ഇവയുടെ ഗണത്തിലാണ് കൊല്ലത്തെ പുതിയ സ്മാരകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: