കോഴിക്കോട്: ഭാരതത്തിന്റെ ഭൂപടം വികലമാക്കി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ചോദ്യപ്പേപ്പറില്‍ ചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് നടപടി വിവാദമാകുന്നു. ഭൂപടം വികലമാക്കി പ്രചരിപ്പിക്കുന്ന രാഷ്ട്രവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം നേരിടാന്‍ ഔദ്യോഗിക ഭൂപടമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിനിയോഗിക്കാവൂ എന്ന് ഉത്തരവുള്ളതാണ്. അത് ലംഘിച്ചാണ് ചോദ്യപ്പേപ്പറിലെ ഭൂപടം.
ഇന്നലെ നടന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യപേപ്പറിലാണ് കശ്മീരും അരുണാചല്‍ പ്രദേശും അടയാളപ്പെടുത്താത്ത ഭൂപടം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഈ ഭൂപടം രാഷ്ട്രവിരുദ്ധ ശക്തികളായ ചൈനയും പാകിസ്ഥാനും അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതാണ്. വ്യക്തമായ നിര്‍ദ്ദേശവും ഉത്തരവും ഉണ്ടായിരിക്കെയാണ് അവ ലംഘിച്ചുള്ള ഈ പ്രവൃത്തി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന ചോദ്യപ്പേപ്പറുകളിലും പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രത്യേക ഗൂഢതാല്പര്യ പ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയതയെ അവഹേളിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്‍ടിയു ചൂണ്ടിക്കാട്ടി. ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നുള്ള ഭൂപടം മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശം നിലനില്‍ക്കെ, പരസ്യമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാഞ്ഞത് ഇടതുപക്ഷ ജിഹാദി കൂട്ടുകെട്ടുകളുടെ സമ്മര്‍ദ്ദം മൂലമാണ്. ഇത്തരം രാഷ്ട്രവിരുദ്ധ നടപടികള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ വളര്‍ത്താനേ ഉപകരിക്കൂ.
വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ ശക്തമായി നേരിടുമെന്നും ഇതിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: