ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ മുതിര്‍ന്നവരേക്കാള്‍ ബോധവാന്മാരാണ് കുട്ടികളെന്ന് സര്‍വെ. കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളും ചര്‍ച്ചയാകുന്ന സമയത്താണ് ഇതില്‍ നിന്ന് വ്യത്യസ്തമായൊരു കണ്ടെത്തല്‍. സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ വിവോ സംഘടിപ്പിച്ച സര്‍വേയിലാണ് ഇത് വെളിപ്പെട്ടിരിക്കുന്നത്.
ഭാരതത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന്റെ വിപരീത ഫലങ്ങളെ കുറിച്ച് അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ ധാരണയുള്ളത് കുട്ടികള്‍ക്കാണ് എന്നാണ് സര്‍വേ ഫലം പറയുന്നത്. സര്‍വേയുടെ ഭാഗമായ കുട്ടികളില്‍ പത്തില്‍ എട്ട് പേരും അച്ഛനമ്മമാരുടെ ഫോണ്‍ ശീലങ്ങള്‍ നിയന്ത്രിക്കുന്നതിന് പാരന്റല്‍ കണ്ട്രോള് വേണമെന്ന് വാദിക്കുന്നവരാണെന്നും ഇംപാക്ട് ഓഫ് സ്മാര്‍ട്ട്ഫോണ്‍ ഓണ്‍ പാരന്റ്-ചൈല്‍ഡ് റിലേഷന്‍ഷിപ്പ് എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അച്ഛനമ്മമാര്‍ ദിവസവും അഞ്ച് മണിക്കൂര്‍ നേരം സ്മാര്‍ട്ട്ഫോണില്‍ സമയം ചെലവഴിക്കുമ്പോള്‍ കുട്ടികള്‍ നാല് മണിക്കൂര്‍ നേരം സമയം ചിലവഴിക്കുന്നു. തങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാന കാരണം സ്മാര്‍ട്ട്ഫോണ്‍ ആണെന്നാണ് 73% അച്ഛനമ്മമാരും 69% കുട്ടികളും പറയുന്നത്. ആളുകള്‍ പരസ്പരം തമ്മില്‍ ഇടപഴകേണ്ട അവധിക്കാലം, ആഘോഷങ്ങള്‍, യാത്രകള്‍ പോലെയുള്ള സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ് മൂന്നില്‍ രണ്ട് അച്ഛനമ്മമാരും കുട്ടികളും. അതിന്റെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിലേക്ക് പഠനത്തിന്റെ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നുവെന്ന് വിവോ ഇന്ത്യയുടെ കോര്‍പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു.
അച്ഛനമ്മമാര്‍ക്കായി ഒരു സ്മാര്‍ട്ട്ഫോണ്‍ രൂപകല്പന ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് ഗെയിമുകള്‍, വിനോദം, സോഷ്യല്‍ മീഡിയ ആപ്പുകള്‍ എന്നിവയ്ക്ക് പകരം കോളിങ്, ക്യാമറ, മെസേജിങ് സൗകര്യങ്ങള്‍ തുടങ്ങിയവ മാത്രമുള്ള ഫോണുകള്‍ മതിയെന്നായിരുന്നു 94 ശതമാനം കുട്ടികളുടെയും മറുപടി. കുടുംബത്തിനും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഫോണ്‍ ആവശ്യമില്ലെന്നാണ് 77 ശതമാനം കുട്ടികള്‍ പറയുന്നത്. 76 ശതമാനം പേരും ഇത്തരം അവസരങ്ങളില്‍ ഫോണ്‍ ഓഫ് ആക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
ആറാമത് സ്വിച്ച് ഓഫ് കാമ്പയിനിന്റെ ഭാഗമായാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ വിവോ സൈബര്‍ മീഡിയ റിസര്‍ച്ചുമായി സഹകരിച്ച് ഈ പഠനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: