കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ വീണ്ടും പിടിമുറുക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള സെര്ച്ച്കംസെലക്ഷന് കമ്മിറ്റി നിര്‍ദ്ദേശിച്ച പാനലില്‍ നിന്ന് ഗവര്‍ണര്‍ക്കുകൂടി സ്വീകാര്യരായവരെ മാത്രമേ വൈസ് ചാന്‍സലറായി നിയമിക്കുകയുള്ളൂ എന്ന് രാജ്ഭവന് വ്യക്തമാക്കി
ഇതിനകം സെര്‍ച്ച് കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളുടെ പാനലില്‍ നിന്ന് 11 പേരെ നിയമിക്കാന്‍ സംസ്ഥാന എയ്ഡഡ് സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് അനുമതി നല്‍കിയതായി അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം രാജ്ഭവന് വ്യക്തമാക്കിയത്.
ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിച്ച് മറ്റ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി അദ്ദേഹത്തിന് കൂടുതല്‍ സമയം അനുവദിച്ചു.
സുപ്രീം കോടതി നിയോഗിച്ച സെര്‍ച്ച് കം സെലക്ഷന് കമ്മിറ്റി ഓരോ സര്‍വകലാശാലയ്ക്കും മൂന്ന് പേരുകളുടെ വീതം പാനല്‍ നല്‍കിയിട്ടുണ്ട്. അവയില്‍ മുന്‍ഗണന രേഖപ്പെടുത്തി മുഖ്യമന്ത്രി സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ സൂക്ഷ്മമായി പരിശോധിക്കുകയും അതിലുള്‍പ്പെട്ട എല്ലാവരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വി.സി നിയമനനടപടികള്‍ അഴിമതിമുക്തവും സുതാര്യവുമാക്കാന്‍ ചുമതലയേറ്റപ്പോള്‍ തന്നെ ഗവര്‍ണര്‍ കൈക്കൊണ്ട കര്‍ശന നടപടികളെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ സംഘര്‍ഷം രൂക്ഷമാവുകയും നിയമപോരാട്ടം സുപ്രീം കോടതിവരെ എത്തുകയും ചെയ്തു.
ഇടക്കാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ സ്വന്തം വിവേചനാധികാരമുപയോഗിച്ച് നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവുകള്‍ ഗവര്ണര്ക്കനുകൂലമായതിനെത്തുടര്ന്നാണ് സ്ഥിരം നിയമന വിഷയം സുപ്രീം കോടതിയിലെത്തിയത്.
സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സെര്ച്ച്കംസെലക്ഷന് കമ്മിറ്റിക്ക് നേതൃത്വം നല്കാന് ജൂലൈയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലളിതിനെ നിയമിച്ചു.ആ പാനല്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന മൂന്നംഗ പാനലില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വ്യവഹാരത്തില്‍ തീര്‍പ്പുകല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: