മാഹി: മാഹി മുന്‍സിപ്പാലിറ്റി കമ്മീഷണറായി 35 കാരനായ സതേന്ദര്‍ സിംഗ് ചാര്‍ജ്ജെടുത്തു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ നിന്നുള്ള സതേന്ദര്‍ സിംഗിന് കാഴ്ച്ചശക്തിയില്ല. നല്ല ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ ഇദ്ദേഹം 714-ാം റാങ്ക് നേടിയാണ് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷയില്‍ വിജയിച്ചത്.
ഡല്‍ഹിയിലെ സെന്റ് സ്റ്റീഫനില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ബിരുദം നേടിയ ശേഷം നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) ബിരുദാനന്തര ബിരുദവും എംഫില്‍-പിഎച്ച്ഡിയും നേടി ശ്രീ അരബിന്ദോ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 2018ല്‍ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷ എഴുതുകയും 714-ാം റാങ്ക് നേടുകയും ചെയ്തു. പിന്നീട് പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി ഇക്കുറി ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒന്നര വയസ്സുള്ളപ്പോള്‍, ന്യുമോണിയ ബാധിച്ചപ്പോള്‍ കുത്തിവയ്പ്പിനെത്തുടര്ന്നാണ് ഇദ്ദേഹത്തിന് കാഴ്ച്ചശക്തി നഷ്ടപ്പെട്ടത്. ഭരണചുമതലകളില്‍ ഇദ്ദേഹത്തെ സഹായിക്കുവാന്‍ ഒരു അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: