ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നത് അത്യന്തം ദയനീയാവസ്ഥയിലാണ്. രാഹുലിനെ പ്രതിപക്ഷ മുഖമായി അവതരിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ പാളിയതായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തെളിയിക്കുന്നു. ലോക്സഭയില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ അന്തംവിട്ട് നില്ക്കുന്ന രാഹുലിനെ പലവട്ടം കണ്ടു. പ്രതിപക്ഷ നേതാവ് അറിയാതെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതും സഭ ബഹിഷ്കരിക്കുന്നതും കാണാനായി. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്താണ് സഭയ്ക്കുള്ളില്‍ ചെയ്യുന്നതെന്ന് മറ്റു നേതാക്കളോട് ചോദിച്ച് മനസിലാക്കുന്ന രാഹുലിന്റെ ദയനീയ ചിത്രമാണ് ശീതകാല സമ്മേളനം കാണിച്ചുതരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ആറുമാസം പിന്നിടുമ്പോള്‍ അസാധാരണ സാഹചര്യങ്ങളാണ് ഇന്‍ഡി മുന്നണിയില്‍ ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തരത്തിലുള്ള കോണ്‍ഗ്രസിന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുതല്‍ ഏറ്റവും ചെറിയ പാര്‍ട്ടിയായ സിപിഐ വരെ പറയുന്ന സാഹചര്യം. ഇതിനെല്ലാം പുറമേ സോണിയക്കും രാഹുലിനും പിന്നാലെ പ്രിയങ്കാ വാദ്ര കൂടി പാര്‍ലമെന്റിലേക്കെത്തിയത് കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നുമുണ്ട്. കോണ്‍ഗ്രസിന് മുഖ്യം നെഹ്രു കുടുംബാംഗങ്ങളുടെ പ്രാതിനിധ്യം മാത്രമാണെന്നും പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുല്‍ പരാജയമാണെന്നുമുള്ള വിമര്‍ശനത്തിലേക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കടന്നതോടെ ഇന്‍ഡി മുന്നണി പ്രത്യക്ഷത്തില്‍ പലതട്ടിലായി.
ബിസിനസുകാരനായ ഗൗതം അദാനിയെ ലക്ഷ്യമിട്ട് രാഹുല്‍ നടത്തുന്ന വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണ് പാര്‍ലമെന്റില്‍ ഒറ്റപ്പെടുന്ന തലത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ തന്നെ പരാതി. ബാഹ്യശക്തികളുടെ സ്വാധീനത്താലാണോ രാഹുല്‍ നിരന്തരം അദാനിയെ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യം മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു ശരി വയ്ക്കുന്ന തരത്തില്‍ രാഹുലിന്റെ ജോര്‍ജ്ജ് സോറോസ് ബന്ധവും കോണ്‍ഗ്രസിന് ലഭിക്കുന്ന ദുരൂഹ വിദേശ ഫണ്ടിങ്ങും ബിജെപി എംപിമാര്‍ പുറത്തുവിടുകയും ചെയ്തതോടെ സഭയില്‍ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. രാഹുലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റാരും തയ്യാറാവുന്നില്ല. സമാജ് വാദി പാര്‍ട്ടിയും ഡിഎംകെയും അടക്കമുള്ളവര്‍ രാഹുലിനെ പിന്തുണയ്ക്കുന്നില്ല. ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച കോണ്‍ഗ്രസ് വിചാരിച്ചതുപോലെ തന്നെയാണ് കാര്യങ്ങള്‍ നടന്നത്. മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ തിരിച്ചടി മറയ്ക്കാന്‍ സോറോസിന്റെ സഹായത്തോടെ അവതരിപ്പിച്ച അദാനി വിഷയത്തില്‍ ആദ്യ ആഴ്ചയിലെ എല്ലാ ദിവസവും സഭ സ്തംഭിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും നടുത്തളത്തിലിറങ്ങിയും ബഹളമുണ്ടാക്കിയും ഇരുസഭകളേയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ രണ്ടാമത്തെ ആഴ്ചയിലും സമാന തന്ത്രവുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയപ്പോള്‍ അതിനൊപ്പമില്ലെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷത്തെ ഭിന്നത മറനീക്കി പുറത്തുവന്നത്. തൊട്ടുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസിനെതിരെ നിലപാടെടുത്തു. പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നിന്ന് ഇരുപാര്‍ട്ടികളുടേയും എംപിമാര്‍ വിട്ടുനിന്നു. സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കാതിരുന്ന സമയം സംഭല്‍ വിഷയം ഉന്നയിച്ച് എസ്പി അംഗങ്ങള്‍ ഒറ്റയ്ക്ക് നടുത്തളത്തിലിറങ്ങിയത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തി. ലോക്സഭയിലെ അംഗങ്ങളുടെ സീറ്റുകള്‍ പുനഃക്രമീകരിച്ചതോടെ എസ്പിക്കും ടിഎംസിക്കും പ്രാധാന്യം നഷ്ടമായതും രാഹുലിനൊപ്പം കെ.സി. വേണുഗോപാല്‍, ഗൗരവ് ഗൊഗോയ് എന്നിവര്‍ക്ക് മുന്‍നിര അനുവദിച്ചതുമൊക്കെ പ്രതിപക്ഷത്തെ അതൃപ്തിയുടെ കാരണങ്ങളാണ്.
ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രാഹുലിന്റെ നേതൃത്വത്തിനെതിരെ പരസ്യമായി ആദ്യ വെടിപൊട്ടിച്ചത്. ഇന്‍ഡി സഖ്യം രൂപീകരിച്ചത് താനാണെന്നും അതു കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണെന്നും മമത പറയുന്നു. ”അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ താന്‍ എന്തുചെയ്യും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം. അവസരം ലഭിച്ചാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ബംഗാളിന് പുറത്തേക്കുപോകാന്‍ താല്പര്യമില്ലാത്തതിനാല് അവിടെനിന്നുകൊണ്ടുതന്നെ സഖ്യത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും”-മമത പറയുന്നു. ഇന്‍ഡി സഖ്യത്തിന്റെ നേതൃസ്ഥാനത്ത് മമതയെ നിയോഗിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കീര്‍ത്തി ആസാദ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് ആരംഭിച്ചതോടെയാണ് പ്രതിപക്ഷ ഭിന്നത ഇത്ര ആഴത്തിലാണെന്ന് തിരിച്ചറിയാനായത്. യാതൊരു കൂടിയാലോചനകളുമില്ലാതെ രാഹുലും കോണ്‍ഗ്രസും തനിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇന്‍ഡി സഖ്യത്തിനെ തകര്‍ക്കുമെന്ന് സിപിഎമ്മും സിപിഐയും ആശങ്ക പ്രകടിപ്പിക്കുന്നു. ഇതിനെല്ലാം പുറമേയാണ് മഹാരാഷ്ട്രയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എന്‍സിപി നേതാവ് ശരത് പവാര്‍ സ്വീകരിക്കുന്ന ചില നിലപാടുകള്‍. പവാര്‍ മമതാ ബാനര്‍ജിക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട്. ശിവസേന ഉദ്ധവ് വിഭാഗവും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സഖ്യം വേര്‍പിരിഞ്ഞതും പ്രതിപക്ഷ അനൈക്യത്തിന്റെ തെളിവായി. ഡിസംബര്‍ ആറിന് മഹാരാഷ്ട്രയിലെ ദിനപത്രത്തില്‍ ബാബറി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ച് ഉദ്ധവ് ശിവസേന പരസ്യം നല്‍കിയതിന്റെ പേരിലാണ് വേര്‍പിരിയല്‍ നാടകം. ബാബറി മസ്ജിദ് തകര്‍ക്കുന്ന ചിത്രം പങ്കുവച്ച ഉദ്ധവ് വിഭാഗം എംഎല്‍എ മിലിന്റ് നാര്വേക്കറിന്റെ നടപടിയും എസ്പി മഹാവികാസ് അഘാഡി വിടാന്‍ കാരണമായി എന്ന് എസ്പി മഹാരാഷ്ട്ര അധ്യക്ഷന്‍ അബു അസ്മി പറയുന്നു.
സമാജ് വാദി പാര്‍ട്ടിയും എന്‍സിപിയും മമതാ ബാനര്‍ജിയെ രാഹുലിന് പകരം പ്രതിപക്ഷ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാഹുലിന്റെ അടുത്ത സുഹൃത്തെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന അഖിലേഷ് യാദവിന്റെ പാര്‍ട്ടി ലോക്സഭയില്‍ സ്വീകരിക്കുന്ന പല നിലപാടുകളും ഇതു സൂചിപ്പിക്കുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് ഉദയ് വീര്‍സിങ് മമതയെ പ്രതിപക്ഷ നേതാവാക്കണമെന്ന പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്. എസ്പി മമതയെ നൂറു ശതമാനവും പിന്തുണയ്ക്കുന്നുവെന്നും ഒരു സംസ്ഥാനത്ത് സഖ്യം പരാജയപ്പെടാന്‍ കാരണം അവിടെ പ്രതിപക്ഷ നേതൃത്വം കോണ്‍ഗ്രസിനാണ് എന്നതാണെന്നും എസ്പി നേതാവ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ രാഹുലിനെ ലക്ഷ്യം വച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മമതയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മാത്രമേ സാധിക്കൂ എന്നും പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലിന് മാത്രമേ പറ്റൂ എന്നുമാണ് കോണ്‍ഗ്രസ് നേതാക്കളായ വര്‍ഷ ഗെയ്ക്ക്വാദും ഇമ്രാന് മസൂദും പ്രതികരിച്ചത്. മമതയുടെ നേതൃപദവിയെ നല്ല തമാശയെന്ന് വിളിച്ച് മാണിക്കം ടഗോര്‍ എംപി പരിഹസിച്ചു. പ്രതിപക്ഷത്തെ നയിക്കാന്‍ ലാലുപ്രസാദ് യാദവാണ് പറ്റിയയാളെന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറയുന്നു. എന്നാല്‍ ഇതിനിടെ പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉടലെടുത്തിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പാര്‍ലമെന്റ് സമ്മേളന കാലം നല്‍കുന്നത്. രാഹുലിന് ഒപ്പമുള്ളതിനേക്കാള്‍ അധികം എംപിമാര്‍ പ്രിയങ്കാ വാദ്രക്കൊപ്പം നടക്കുന്നതും പ്രിയങ്കയെ പുകഴ്ത്തി പിന്നാലെ കൂടുന്നതും ലോക്സഭയിലെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും രാഹുലിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ പ്രിയങ്കയ്ക്ക് നല്കുന്നു. ജോര്‍ജ്ജ് സോറോസ് വിഷയത്തില്‍ പ്രതിരോധത്തിലായതും അദാനി വിഷയത്തിലെ കോണ്‍ഗ്രസിന്റെ ഒറ്റപ്പെടലും രാഹുലിന്റെ നേതൃപദവിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനേല്‍ക്കുന്ന തിരിച്ചടികള്‍ ഈ മങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: