വയനാട്:ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവഹാനി നേരിട്ട നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎന്‍എ പരിശോധന ഫലം ലഭ്യമായതോടെയാണിത്.
ആന്‍ഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളും മുണ്ടക്കൈ സ്വദേശി സുബൈറിന്റെ മൃതദേഹ ഭാഗവുമാണ് തിരിച്ചറിഞ്ഞത്. നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്. ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കൈമാറണമെന്ന് കളക്ടര്‍ ഉത്തരവിട്ടു. നിലവിലെ സംസ്കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവര്ക്ക് അടയാളപ്പെടുത്തിയ പേരുകളില്‍ മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 47 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം കാണാതായവരുടെ ബന്ധുക്കള്‍ മുന്‍പ് ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു.തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാന്‍ അധികൃതര്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: