പൂവാര്‍: കുടിവെള്ളം വേണ്ടത്ര കിട്ടാതെ വര്‍ഷങ്ങളായി തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം, പൂവാര്‍, കോട്ടുകാല്‍ എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ ജനങ്ങളാണ് ആവശ്യത്തിന് പോലും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് ഇവിടത്തെ പബ്ലിക് ടാപ്പില്‍ പകല്‍ സമയങ്ങളില്‍ വെള്ളമെത്തുന്നത്.
തീരദേശത്ത് ഭൂരിപക്ഷം വരുന്ന ജനവിഭാഗം മത്സ്യത്തൊഴിലാളികളും മത്സ്യവിപണനം നടത്തുന്നവരുമാണ്. ഇവര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാത്തതിനാല്‍ വെള്ളം ശേഖരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. കരിച്ചലില്‍ പമ്പ് ഹൗസില്‍ നിന്നാണ് കരുംകുളം പൂവാര്‍ പഞ്ചാത്തുകളിലെ തീരമേഖലയില്‍ കുടിവെള്ളമെത്തുന്നത്. ഇവിടെ നിന്നും സംഭരണിയിലേക്കുള്ള പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. ഇവിടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതിനാല്‍ ശുദ്ധമായ കുടിവെള്ളത്തിന് പകരം പലപ്പോഴും ചെളി കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കരുകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 2000ല്‍ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി തടസപ്പെട്ടത് 2005ല്‍ ജില്ലാ പഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമവും പൈപ്പ് സ്ഥാപിക്കുന്നതില്‍ ഉണ്ടായ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ ആറു വാര്‍ഡുകള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷങ്ങള്‍ മുടക്കിയിട്ടും ലക്ഷ്യം കാണാതെ പോയത്. കരുംകുളം പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകള്‍ മിക്കയിടങ്ങളും പൊട്ടിയൊഴുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കോട്ടുകാല്‍ പഞ്ചായത്തിലെ അമ്പലത്തുമുല, അടിമലത്തുറ, ബീച്ച്‌റോഡ് എന്നിവിടങ്ങളില്‍ ചൊവ്വര, ചപ്പാത്ത്, മൂലക്കര എന്നിവിടങ്ങളില്‍ സ്ഥാപിച്ച പമ്പ് ഹൗസില്‍ നിന്നാണ് വെള്ളമെത്തുന്നത്. ഈ പ്രദേശത്തും കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ഒരാഴ്ചയായി കുടിവെള്ളമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അമ്പലത്തുമൂല, അടിമലത്തുറ മേഖലകളില്‍ കുടിവെള്ളം ഉറപ്പുവരുത്താന്‍ കരിച്ചല്‍ കായലിന്റെ ജലസമൃദ്ധിയെ ഉപയോഗപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചാല്‍ മാത്രമേ തീരദേശമേഖലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹരമാകൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: