തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ക് പള്ളിവേട്ടയ്ക്കും ആറാട്ടിനുമുള്പ്പെടെ കേരള പോലീസ് നല്കി വന്നിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ച ആഭ്യന്തര വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര സംഘടിപ്പിക്കും.
12ന് വൈകിട്ട് 5.30ന് എസ്എംവി സ്കൂളിനു സമീപമുള്ള പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നില്‍ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സമാപിക്കും.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി രാജഭരണകാലം മുതല്‍ അഭംഗുരം തുടര്‍ന്നിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സെപ്തംബര്‍ 5ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കത്ത് പോലീസ് ആസ്ഥാനത്തുനിന്ന് സ്റ്റേഷനുകളില്‍ എത്തിച്ചിരുന്നു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോഴുണ്ടാക്കിയ ധാരണകള്‍ക്കും ഹിന്ദുക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയപ്പോള്‍ ഒപ്പിട്ട കവനന്റിലെ വ്യവസ്ഥകള്ക്കെതിരെയുമാണ് സര്‍ക്കാര്‍ നീക്കം.
ആഭ്യന്തര വകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ക്ഷേത്രങ്ങളിലെ ഒഴിവാക്കാനാകാത്ത ചടങ്ങാണെങ്കില്‍ പോലീസിനാവശ്യമായ പണം ക്ഷേത്ര കമ്മിറ്റികള്‍ തന്നെ നല്‍കേണ്ടിവരും. ക്ഷേത്രസ്വത്ത് ഖജനാവിലേക്കൊഴുക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഇരുപതോളം ക്ഷേത്രങ്ങളിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നിലവിലുള്ളത്. ഇവയ്ക്കാണ് പണം നല്‍കിയില്ലെങ്കില്‍ ആചാരങ്ങള്‍ നിര്‍ത്തലാക്കുമെന്ന ഭീഷണിയുള്ളത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2500 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ വിലമതിക്കാനാവാത്തത്ര ക്ഷേത്രഭൂമി ഏറ്റെടുത്ത ക്ഷേത്രനശീകരണ നടപടികളില്‍ അവസാനത്തേതാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം എന്നാണ് വിലയിരുത്തല്‍. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട്, സ്വാതിതിരുനാളിന്റെ കാലംമുതല്‍ നടന്നുവരുന്ന നവരാത്രി ആഘോഷം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ ആചാരങ്ങളും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: