ആലപ്പുഴ: കളര്‍കോട് വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ആല്വിന് ജോര്‍ജിന്റെ (19) ഭൗതികദേഹം എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ സംസ്കരിച്ചു. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലിയാണ് തടിച്ചു കൂടിയത്. ഇന്നലെ രാവിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം വിലാപയാത്രയായി ആല്വിന് പഠിച്ച എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് എടത്വാ പള്ളിയിലെത്തിച്ച് ശുശ്രൂഷയ്ക്ക് ശേഷം അടക്കം ചെയ്തു.
പഠനത്തിനൊപ്പം കായിക വിനോദങ്ങളിലും തിളങ്ങിയിരുന്ന ആല്വിന് ഫുട്ബോള്‍ എന്നും ഹരമായിരുന്നു. സ്കൂള്‍തലം മുതല്‍ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ആല്വിന് ഗവ. ടിഡി മെഡിക്കല്‍ കോളജ് ഫുട്ബോള്‍ ടീമിലും അംഗമായി. ആല്‍വിന്റെ മൃതദേഹത്തില്‍ കോളജ് ടീമിന്റെ ചുവന്ന ജേഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുകളും അന്ത്യയാത്ര നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: