പെരിങ്ങോട്ടുകര: രോഗങ്ങള്‍ ബാധിച്ചും അപകടത്തില്‍ പരിക്കേറ്റും നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കായി ആഘോഷിക്കാന്‍ ഒരു ദിനം. കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പുത്തന്‍പീടികയുടെ നേതൃത്വത്തിലാണ് രോഗി ബന്ധു സംഗമം നടത്തിയത്. കിടപ്പുരോഗികളെ സ്വകാര്യ വാഹനങ്ങളിലും ആംബുലന്സുകളിലുമായിട്ടാണ് സംഗമത്തിന് എത്തിച്ചത്. പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ കിടക്കേണ്ടവര്ക്കായി 12 കട്ടിലും കിടക്കയും, 16 വീല്‍ ചെയറും സജ്ജമാക്കി. 60 രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം പിടിപെട്ടവര്‍, ഗുരുതര അപകടം പറ്റിയവര്‍ തുടങ്ങി വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്ക് പ്രത്യാശ നല്‍കുന്നതായിരുന്നു സംഗമം.
സ്വകാര്യ ആംബുലന്‍സുകളും പാലിയേറ്റിവ് കെയറിന്റെ ആംബുലന്‍സുകളും ഓട്ടോകളും സ്വന്തം വാഹനങ്ങളിലുമാണ് ഇവര്‍ സംഗമ വേദിയില്‍ എത്തിയത്.
പാട്ടും, ആഘോഷവുമായി എല്ലാവരും ആഘോഷിച്ചു. കട്ടിലുകളില്‍ കിടന്നും വീല്‍ച്ചെയറില്‍ ഇരുന്നും ഇവര്‍ ആഘോഷ പരിപാടികള്‍ കണ്‍കുളിര്‍ക്കെ കണ്ടു. പലര്‍ക്കും ഒന്നിലധികം പേരുടെ സഹായമില്ലാതെ പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതെല്ലാം മാറ്റിവെച്ച് അവര്‍ ഒരിക്കല്‍ കൂടി ആ സംഗമ വേദിയില്‍ മനം നിറഞ്ഞ് ആസ്വദിച്ചു. സംഗമത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് 1500 രൂപ വില വരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ സമ്മാനമായി നല്കി. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കലാകാരന്മാരും എത്തിയിരുന്നു.
അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, താന്ന്യം, ചാഴുര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളാണ് സംഗമത്തിന് ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.
സംഗമത്തിന്റെ ഉദ്ഘാടനം രോഗികള്‍ തന്നെ നിലവിളക്ക് തെളിയിച്ച് നിര്‍വഹിച്ചു. സി.സി. മുകുന്ദന് എംഎല്‍എ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്, കാരുണ്യ സെക്രട്ടറി ശ്രീമുരുകന് അന്തിക്കാട്, പ്രസിഡന്റ് പാപ്പച്ചന് ആന്റണി, പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ രാജീവന് കെ, ഡോ. ദേവി അര്ജുനന്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഗമത്തില്‍ കാരുണ്യക്ക് താങ്ങും തണലുമായി നി ല്ക്കുന്ന നൂറുക്കണക്കിന് പ്രദേശവാസികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: