ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് രാഹുലിന്റെ നേതൃത്വത്തില്‍ ഇന്‍ഡി മുന്നണിക്കുള്ളിലുള്ള ഭിന്നത കൂടുതല്‍ മറനീക്കി. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കു പിന്നാലെ ഇന്നലെ എന്‍സിപി നേതാവ് ശരദ് പവാറും വിമര്‍ശനം ഉന്നയിച്ചു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ല, വേണമെങ്കില്‍ ഇന്‍ഡി മുന്നണി നേതാവാകാം എന്നായിരുന്നു കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചത്. ഇന്നലെ മമതയെ പിന്തുണച്ച് പവാറും പ്രസ്താവനയുമായി ഇറങ്ങി. മമത കഴിവുള്ളനേതാവാണ്, പ്രതിപക്ഷ സഖ്യത്തെ (ഇന്‍ഡി മുന്നണി) നയിക്കാനുള്ള അവരുടെ താല്‍പ്പര്യം അറിയിക്കാന്‍ അവര്‍ക്ക് അര്‍ഹതയുമുണ്ട്. പവാര്‍ പറഞ്ഞു. മാത്രമല്ല അവര്‍ പാര്‍ലമെന്റിലേക്ക് അയച്ച എംപിമാര്‍ കഠിനാധ്വാനികളും കാര്യബോധവമുള്ളവരുമാണ് പവാര്‍ മമതയെ അനുകൂലിച്ച് പറഞ്ഞു.
മഹാരാഷ്ട്രയിലെ മഹാതോല്വിക്കു പിന്നാലെ മുന്നണിയില്‍ അന്തഛിദ്രം അതിശക്തമായിട്ടുണ്ട്. അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്നതിന്റെ വാര്‍ഷികത്തിന് സന്തോഷം പ്രകടിപ്പിച്ച് ഫെയ്സ് ബുക്കില്‍ ശിവസേനാ നേതാവ് പോസ്റ്റിട്ടതിന്റെ പേരില്‍ മഹാവികാസ് അഘാഡിയില്‍ നിന്ന് മഹാരാഷ്ട്രയില്‍ രണ്ട് എംഎല്‍എമാരുള്ള സമാജ്വാദി പാര്‍ട്ടി ഇറങ്ങിപ്പോയിരുന്നു. അതിനു പിന്നാലെയാണ് ഇന്‍ഡി മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ മമത അതൃപ്തി പ്രകടിപ്പിച്ചതും മുന്നണിയെ താന്‍ നയിക്കാമെന്നു പറഞ്ഞതും. ഇതോടെയാണ് മമതയ്ക്കു പിന്തുണയുമായി പവാര്‍ വന്നത്.
മുന്നണി പല തട്ടുകളിലായിക്കഴിഞ്ഞു. സഖ്യം വിടാന്‍ തക്ക സമയം നോക്കിയിരിക്കുകയാണ് ശിവസേന. ശരദ് പവാറിന്റെ പ്രതാപം തന്നെ ഏറെക്കുറെ അസ്തമിച്ചു. മമതയ്ക്കും മുന്നണി മടുത്തു. യുപിയിലെ അഖിലേഷ് യാദവിന്റെ മഹാരാഷ്ട്ര ഘടകമാണ് മുന്നണി വിട്ടത്. യുപിയില്‍ അവര്‍ കോണ്‍ഗ്രസിനെ ഒതുക്കിവച്ചരിക്കുകയുമാണ്. തെക്ക് ഡിഎംകെയ്ക്കും കോണ്‍ഗ്രസിനെ മടുത്തുവെന്നാണ് സൂചന. പ്രത്യേകിച്ച് ചലച്ചിത്ര താരം വിജയിന്റെ പുതിയ പാര്‍ട്ടി കൂടി കളത്തിലിറങ്ങിയ സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: