തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവര്‍ക്ക് മറ്റെവിടെയും വീടില്ലെങ്കില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്.
കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാക്കും. പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്ക് സജ്ജീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തി ദിവസങ്ങള്‍ക്കകം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും [email protected] എന്ന ഇമെയിലിലും അറിയിക്കാം. ഓഫീസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: