വത്തിക്കാൻ: ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ മുന്‍ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, യുവ മോർച്ചകേന്ദ്ര ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ജോസഫ് , അനിൽ ആൻ്റണി, ടോം വടക്കൻ എന്നിവരടങ്ങുന്ന കേന്ദ്രഗവണ്മെന്റിന്റെ പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്.
ഭാരതസഭയ്ക്കും കേരളസഭയ്ക്കുമുള്ള അംഗീകാരമാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് ജോർജ് കുര്യൻ പറഞ്ഞു. ലോകത്താമാനമുള്ള ക്രിസ്ത്യാനിമാരിൽ അർപ്പിത മനസുള്ളത് മലയാളി ക്രിസ്തീയ സമൂഹത്തിനാണ്. ലോകം മുഴുവനുള്ള സഭയിൽ മലയാളികൾ സേവനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലാണ് അദ്ദേഹം ജനിച്ചത്. ഒരു കാലഘട്ടത്തിൽ 80 ശതമാനത്തിലേറെ വൈദികരെയും കന്യാസ്ത്രീകളെയും ബിഷപ്പുമാരെയും സംഭാവന ചെയ്തിട്ടുള്ള രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതുകൊണ്ട് തന്നെ ഇതൊരു അംഗീകാരമാണ്. 51-ാം വയസിൽ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് വളരെ അപൂർവമാണ്. ഭാവിയിൽ കത്തോലിക്ക സഭയിൽ കേരളീയർക്കും ഭാരതീയർക്കും വലിയൊരു പ്രാതിനിധ്യമുണ്ടാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂറാണ് ഇന്നത്തെ ചടങ്ങുകളുടെ ദൈർഘ്യം. നാളെ രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും.
ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ തോമസ് തറയിലും മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരാവും. സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയിൽനിന്നു മുഖ്യ വികാരി ജനറലായ മോൺ. ആന്റണി എത്തക്കാട്ട് ഉൾപ്പെടെ 12 പേരുടെ ഔദ്യോഗിക സംഘമാണ് എത്തിയിട്ടുള്ളത്. മാർ കൂവക്കാടിന്റെ ബന്ധുക്കളും എത്തിയിട്ടുണ്ട്.
കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: