രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായകമാകുന്ന സര്‍ക്കാര്‍ പദ്ധതികളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന സംയോജിത പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്ന ‘പ്രഗതി’ (പ്രോ-ആക്റ്റീവ് ഗവേണന്‍സ് ആന്‍ഡ് ടൈം ഇംപ്ലിമെന്റേഷന്‍) പ്ലാറ്റ്ഫോം, സാങ്കേതികവിദ്യയുടെയും ഭരണനിര്‍വഹണത്തിന്റെയും അത്ഭുതകരമായ സംയോജനമാണെന്ന് അന്താരാഷ്ട്ര പഠനം. ഓക്സ്ഫഡ് സര്‍വകലാശാലയിലെ സെയ്ദ് ബിസിനസ് സ്കൂളും ഗേറ്റ്സ് ഫൗണ്ടേഷനും പ്രസിദ്ധീകരിച്ച ‘സ്തംഭനത്തില്‍ നിന്ന് വളര്‍ച്ചയിലേക്ക്: നേതൃത്വം എങ്ങനെ ഇന്ത്യയുടെ പ്രഗതി ആവാസവ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള പഠനമാണ് ‘പ്രഗതി’ സംരംഭത്തിന്റെ ശ്രദ്ധേയ വിജയം അനാവരണം ചെയ്യുന്നത്. കൃത്യമായ ലക്ഷ്യത്തോടും പുരോഗതിയോടും ഭാരതത്തിന്റെ വികസനം നയിക്കുന്ന പ്രഗതി, അടിസ്ഥാനസൗകര്യ വികസനത്തില്‍ മാറ്റം വരുത്തി, സമാന വെല്ലുവിളികള്‍ നേരിടുന്ന മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
‘കുറഞ്ഞ സര്‍ക്കാര്‍ ഇടപെടല്‍, പരമാവധി ഭരണനിര്‍വഹണം’ എന്ന സമീപനത്തോടെ 2015 മാര്‍ച്ച് 25നാണു പ്രഗതി ആരംഭിച്ചത്. പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിനിടയില്‍ രാജ്യത്തിന്റെ വളര്‍ച്ച വേഗത്തില്‍ നിരീക്ഷിക്കുന്നതിനുള്ള സഹകരണം, സുതാര്യത, സാങ്കേതികവിദ്യ എന്നിവയ്ക്ക് പരിപാടി ഊന്നല്‍ നല്കുന്നു. കാലതാമസം, അധികച്ചെലവ്, നടപ്പാക്കുന്നതിലെ തടസങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്ത്, പ്രധാന പദ്ധതികളുടെ പതിവ് അവലോകനം പ്ലാറ്റ് ഫോം സുഗമമാക്കുന്നു.
2015 മുതല്‍ 2023 ജൂണ്‍ വരെ 17.05 ലക്ഷം കോടി രൂപ മൂല്യമുള്ള, മുടങ്ങിക്കിടന്ന 340 പദ്ധതികള്‍ പ്രഗതി അവലോകനം ചെയ്തു. മൂന്നു മുതല്‍ 20 വര്‍ഷംവരെ എന്ന നിലയില്‍ കുടുങ്ങിക്കിടന്ന അത്തരം പദ്ധതികളുടെ കാര്യത്തില്‍, ഈ പ്ലാറ്റ്ഫോമിന്റെ ഘടനാപരമായ പ്രതിമാസ അവലോകനങ്ങളും ഡിജിറ്റല്‍ സങ്കേതങ്ങളും, സമയപരിധി ദശകങ്ങളില്‍ നിന്ന് വെറും മാസങ്ങളിലേക്ക് വെട്ടിക്കുറച്ചു.
3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ബോഗിബീല്‍ പാലം, വര്‍ഷങ്ങളായുള്ള സ്തംഭനാവസ്ഥയെ അതിജീവിച്ച് 2025 ഓടെ പൂര്‍ത്തീകരണത്തിലേക്കു നീങ്ങുന്ന ജമ്മു-ബാരാമുള്ള റെയില്‍ ലിങ്ക്, പതിനഞ്ചിലധികം വര്‍ഷത്തെ ഭൂമി ഏറ്റെടുക്കല്‍ തടസങ്ങള്‍ പരിഹരിച്ച് ഈ ഡിസംബറില്‍ ആരംഭിക്കുന്ന നവി മുംബൈ വിമാനത്താവളം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ മെട്രോ റെയില്‍, ഒഡീഷയിലെ ഹരിദാസ്പൂര്‍-പാരാദീപ് റെയില്‍ പാത, മഹാരാഷ്ട്ര-ഗുജറാത്ത് ദേശീയ പാത എട്ടിലെ ദഹിസര്‍-സൂറത്ത് ഭാഗം, ഉത്തര്‍പ്രദേശ്-ബീഹാര്‍ ദേശീയ പാത രണ്ടിലെ വാരാണസി-ഔറംഗബാദ് ഭാഗം തുടങ്ങിയവയ്ക്കു കാലതാമസം വരാന്‍ ഇടയാക്കിയ നിരവധി പ്രതിസന്ധികള്‍ പരിഹരിച്ച്, നടപ്പാക്കുന്നതിലേക്കോ പൂര്‍ത്തീകരണത്തിലേക്കോ നയിക്കാന്‍ പ്രഗതിക്കായി. ജല്‍ ജീവന് മിഷന്റെ കാര്യത്തില്‍ ഗാര്‍ഹിക ജലലഭ്യത 2019-ല്‍ 17 ശതമാനം ആയിരുന്നത് 2024-ഓടെ 79 ശതമാനമാക്കി വര്‍ധിപ്പിക്കാനായി. ഈ പദ്ധതികളില്‍ ഓരോന്നിലും 25-ലധികം പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രഗതിക്കു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രഗതി യോഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്, ഇതിനെ ഏറെ മുന്‍ഗണനയുള്ള സംരംഭമാക്കി മാറ്റുന്നു. നയങ്ങളുടെയും സ്കീമുകളുടെയും നിര്‍വഹണം നേരിട്ട് അവലോകനം ചെയ്യുന്നതിലൂടെ, ഫലപ്രദമായ ഭരണനിര്‍വഹണത്തിനുള്ള ദിശ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി സഹായിക്കുന്നു. സംസ്ഥാന-കേന്ദ്ര ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിക്കുന്നത് വേഗത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അനുവദിക്കുന്നു. പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും ഉത്തരവാദിത്തം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കാരണമാകുന്നു. പ്രഗതിയിലൂടെ, സുതാര്യതയ്ക്കുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശക്തിപ്പെടുത്തിയെന്നും പഠനം പറയുന്നു.
നവീന സാങ്കേതികവിദ്യകളുടെ ഉപയോഗവും പ്രഗതിക്കു കരുത്തേകുന്നു. ഡിജിറ്റല്‍ ഡാഷ്ബോര്‍ഡുകളും ഡ്രോണ്‍ നിരീക്ഷണവും റോഡുകള്‍, വൈദ്യുതി, റെയില്‍വേ, വ്യോമയാനം തുടങ്ങിയ മേഖലകളിലുടനീളം തത്സമയ സുതാര്യതയും കാര്യക്ഷമമായ പുരോഗതിയും ഉറപ്പുവരുത്തുന്നു.
അടിസ്ഥാനസൗകര്യങ്ങള്ക്കപ്പുറത്തേക്ക്, മറ്റ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കും പ്രഗതി പ്രചോദനമേകുന്നു. 2023 ല്‍ ആരംഭിച്ച വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വിവിപി), 46 അതിര്‍ത്തി ഗ്രാമങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനു പ്രഗതി സമീപനമാണ് ഉപയോഗിച്ചത്. കൂടാതെ, പ്രഗതിയുടെ അവലോകന യോഗങ്ങള്‍ ഭവന പദ്ധതികളില്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് പോലുള്ള സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലേക്ക് നയിച്ചു.
പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലെ പ്രവര്‍ത്തനശൈലിയും പ്രഗതിക്കു സഹായകമായെന്നു പഠനം പറയുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനപ്പുറത്തേക്കു മുന്നേറുന്ന പ്രഗതി, സാമൂഹിക ഉന്നമനം നടത്തുകയും സുസ്ഥിരമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തുടനീളമുള്ള എല്ലാ പങ്കാളികള്‍ക്കും പ്രയോജനപ്പെടുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളെ അതിജീവിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ ഫെഡറലിസത്തിന്റെ കരുത്തുറ്റ ഉദാഹരണമായി പ്രഗതി മാറുന്നുവെന്നും ഓക്സ്ഫഡ് എസ്ബിഎസ്-ഗേറ്റ്സ് ഫൗണ്ടേഷന് പഠനം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: