ന്യൂഡല്‍ഹി : ഭാരവാഹിത്വത്തിലുള്ളവര്ക്ക് 75 വയസ് എന്ന പ്രായപരിധി തുടക്കത്തില്‍ താഴെത്തട്ട് മുതല്‍ നടപ്പാക്കാന്‍ സിപിഐയില്‍ ധാരണ. ബ്രാഞ്ച് മുതല്‍ ജില്ലാ കൗണ്‍സില്‍ വരെ തല്ക്കാലം 75 വയസ് പ്രായപരിധി ഏര്‍പ്പെടുത്തുകയും സംസ്ഥാന, ദേശീയ സമിതികളില്‍ അത് പിന്നീട് പരിഗണിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടിയുടെ ആലോചന. എന്നാല്‍ ബ്രാഞ്ച് മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള ഭാരവാഹിത്വത്തിന്റെ പ്രായപരിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന ഘടകങ്ങളുടേതാണ്. ജനുവരിയില്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എന്നാല്‍ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനോട് പല നേതാക്കള്‍ക്കും യോജിപ്പില്ല. സിപിഐയിലേക്ക് ഇപ്പോള്‍ യുവാക്കള്‍ എത്തുന്നില്ല എന്നതാണ് പാര്‍ട്ടിയെ ഇക്കാര്യത്തില്‍ ആകുലപ്പെടുത്തുന്ന ഘടകം. നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ യുവാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത നിലയാണ്. ഈ ഘട്ടത്തില്‍ പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നതും സംഘടനാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. നേതാക്കള്‍ മാത്രമുള്ളതും അണികള്‍ ഇല്ലാത്തതുമായ പാര്‍ട്ടി എന്ന ദുഷ്പേര് മാറ്റാനുള്ള നടപടിയാണ് ആദ്യം വേണ്ടതെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: