കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പ്ലാന്റില്‍നിന്നുള്ള ഇന്ധന ചോർച്ചയ്ക്ക് പരിഹാരമായില്ല. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തി. മോട്ടോർ ഉപയോഗിച്ച് ഡീസൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ നാട്ടുകാർ കുപ്പികളിൽ ഡീസൽ ശേഖരിക്കുന്നുമുണ്ട്.
പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീന് ഉപയോഗിച്ച് നീക്കിയെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പ്ലാന്റിന് സമീപത്തെ ഓവുചാലിലേക്ക് ഡീസല്‍ ഇപ്പോഴും ഒഴുകി എത്തുന്നതിലാണ് നാട്ടുകാരുടെ ആശങ്ക. ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തുകയായിരുന്നു.
ഡീസല്‍ ശേഖരിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ചോര്‍ച്ച ഇല്ലാതെ ഈ രീതിയില്‍ ഡീസൽ ഒഴുകിയെത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഡീസല്‍ ഓവുചാല്‍ വഴി പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ധനം നീക്കുന്നതിന്റെ ഭാഗമായി ഓടയില്‍ ഇട്ട സ്പോഞ്ച് നിറഞ്ഞിട്ടും എടുത്ത് നീക്കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മുൻപും ഇത്തരത്തിൽ ഇന്ധന ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ആരോപണമുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിമുതലാണ് പ്ലാന്റില്‍നിന്ന് ഡീസല്‍ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. പ്ലാന്റിലെ ഓവര്‍ഫ്ളോ കാരണമാണ് ഡീസല്‍ ഒഴുകി എത്തിയതെന്നും പ്രശ്നം പരിഹരിച്ചെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: