വീടിനുള്ളിൽ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളി മകൻ തന്നെയെന്ന് പോലീസ്. മകൻ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സൗത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താൻ നടക്കാൻ പോയപ്പോൾ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്നാണ് 20കാരൻ പറഞ്ഞിരുന്നത്.
എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയാണ് 20 കാരനായ അർജുൻ. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൂവരെയും കണ്ടെത്തിയത്. താൻ പുലർച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്.ദമ്പതികൾ 27ആം വിവാഹ വാർഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്.
പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ആരും പുലർച്ചെ വീട്ടിൽ എത്തിയതായി കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ധർ, ക്രൈം ടീം, സ്നിഫർ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ തെളിവ് ലഭിച്ചില്ല.
തുടർന്നാണ് പൊലീസ് അർജുനെ വിശദമായി ചോദ്യംചെയ്തത്. അർജുൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്ക് തന്റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നും അർജുൻ പറഞ്ഞു. മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: