കൊച്ചി:തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ അജിത മൂന്ന് മാസമായി യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലേറെ കാലം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമം അനുസരിച്ചാണ് ഉത്തരവ്.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വിട്ടുനിന്നതെന്നാണ് അജിത തങ്കപ്പന് പറയുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളില്‍ അജിത തങ്കപ്പന് പങ്കെടുത്തിട്ടുണ്ട്.അയോഗ്യയാക്കുന്നതിന് ഇതും കണക്കിലെടുത്തു.
തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ വിജിലന്‍സ് കോടതിയില്‍ ഒന്നാം പ്രതിയാണ് അജിത തങ്കപ്പന്. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകളാണ് അജിത തങ്കപ്പനെതിരെ ചുമത്തിയത്. നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ 10,000 രൂപയും സമ്മാനിച്ചിരുന്നു. പണം വാങ്ങുന്നതില്‍ അനൗചിത്യം തോന്നിയവര്‍ പണമടങ്ങിയ കവര്‍ ചെയര്‍പേഴ്സണ്‍ തിരിച്ച് നല്കി. ഇവര്‍ വിജിലന്‍സില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഓണക്കോടിക്കൊപ്പം പണക്കിഴി നല്‍കിയില്ലെന്നായിരുന്നു അജിത തങ്കപ്പന്റെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് രണ്ടര വര്‍ഷം ചെയര്‍പേഴ്സണായിരുന്ന അജിത സ്ഥാനം രാജിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: