ലോക ചെസ് കിരീടത്തിനുള്ള ആറാം ഗെയിമില്‍ ഇന്ത്യക്കാരന് ഡി. ഗുകേഷ് നല്ല ഒരു വിജയം നഷ്ടമാക്കിയെന്ന് ചെസ്സിലെ അജയ്യനായ ഗ്രാന്റ് മാസ്റ്റര്‍ മാഗ്നസ് കാള്സന്. 36ാമത്തെ കരുനീക്കത്തിലെ പിഴവാണ് ഗുകേഷിന് വിജയം നഷ്ടമാക്കിയതെന്നും മാഗ്നസ് കാള്സന്.
ആറാം ഗെയിമിന്റെ വിശകലനം:
ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ്
ആറാമത്തെ ഗെയിമില്‍ ഡിങ്ങ് ലിറന് ആണ് വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തത് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് ആണ്. ബ്രിട്ടീഷ് അമേരിക്കന്‍ ചെസ് താരം ജെയിംസ് മേസന് ആണ് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് കൊണ്ടുവന്നത്.കറുത്ത കള്ളികളിലൂടെ നീങ്ങുന്ന ആന (ബിഷപ്പ്) ആണ് ഈ ഓപ്പണിംഗിന്റെ ആണിക്കല്ല്. അതുപോലെ കാലാളുകളെക്കൊണ്ട് ഉള്ള പൊളിക്കാന്‍ കഴിയാത്ത പ്രതിരോധവും ഈ ഓപ്പണിംഗിന്റെ സവിശേഷതയാണ്. 1922ല്‍ ലണ്ടനില്‍ നടന്ന ഒരു ടൂര്‍ണ്ണമെന്റില്‍ ഏഴ് ഗെയിമുകളിലും ഇതേ രീതിയില്‍ തന്നെ കളിക്കാര്‍ കളിച്ചതിനാലാണ് ഈ ഓപ്പണിംഗിന് ലണ്ടന്‍ സിസ്റ്റം എന്ന പേര് നല്‍കിയത്. ഈ ഓപ്പണിംഗ് തെരഞ്ഞെടുക്കാന്‍ ഡിങ്ങ് ലിറന് പറഞ്ഞ കാരണം എന്താണെന്നോ? 2023ല്‍ ലണ്ടന്‍ ഓപ്പണിംഗ് കളിച്ച് ലണ്ടനില്‍ വെച്ച് തന്നെ ഇയാന്‍ നെപോമ്നിഷിയെ തോല്പിച്ചിട്ടുണ്ടത്രെ. അതുകൊണ്ട് ലോക ചെസ് പോരാട്ടത്തിലും അത് തന്നെയാണ് ഡിങ്ങ് ലിറന് പ്രതീക്ഷിച്ചത്. ഒരു വിജയം. പക്ഷെ അത് കിട്ടിയില്ല.
കാള്‍സനും ലണ്ടന്‍ സിസ്റ്റമിന്റെ ആള്
ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് ധാരാളമായി ഉപയോഗിക്കുന്ന താരമാണ് മാഗ്നസ് കാള്സന്. അതുകൊണ്ടാണ് ഗുകേഷിന്റെ 36ാം നീക്കം പിഴച്ചുപോയി എന്ന് കാള്സന് പറഞ്ഞത്. എച്ച്4 (കാലാള്‍ എച്ച് കോളത്തിലെ നാലാം കള്ളിയിലേക്ക് നീക്കിയത്) എന്ന ഡിങ്ങ് ലിറന്റെ നീക്കത്തിന് മറുപടിയായി ഇ3 (കാലാള്‍ ഇ കോളത്തിലെ മൂന്നാം കള്ളിയിലേക്ക് നീക്കല്‍) എന്ന നീക്കമാണ് ഗുകേഷ് നടത്തിയത്. ഇത് തെറ്റായിപ്പോയി എന്ന അഭിപ്രായക്കാരനാണ് കാള്സന്. പകരം കെജി7 (കിംഗിനെ ജി കോളത്തില്‍ ഏഴാം കള്ളിയിലേക്ക് നീക്കല്‍) എന്ന നീക്കം നടത്തിയിരുന്നെങ്കില്‍ ഗുകേഷ് വിജയിക്കുമായിരുന്നു എന്നാണ് കാള്സന് അഭിപ്രായപ്പെടുന്നത്.
ആറാം ഗെയിം വിജയിച്ചിരുന്നെങ്കില്‍ ഗുകേഷിന് ലോക ചെസ് പോരാട്ടത്തില്‍ മുന്‍കൈ നേടാനായേനെ എന്നാണ് കാള്സന് അഭിപ്രായപ്പെടുന്നത്. കാള്സന് ഏറെ ആരാധിക്കുന്ന കളിക്കാരനാണ് ഗുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: