കൊച്ചി: പോലീസ് സ്റ്റേഷനില്‍ പ്രതിയെ മര്‍ദിക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണമാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാനുള്ള നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ നിലമ്പൂര്‍ എസ് ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിയാണ് ഈ ഉത്തരവ് . സ്ത്രീയെ അധിക്ഷേപിച്ചെന്നാരോപിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ എസ്‌ഐ മര്‍ദിച്ചിരുന്നു. യുവാവിന്റെ അതേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സഹോദരി തടയാന്‍ ശ്രമിച്ചുവെങ്കിലും ഗര്‍ഭിണിയായിരുന്ന അവര്‍ക്കും മര്‍ദനമേറ്റു. എന്നാല്‍ യുവാവിനെതിരെയുള്ള കേസ് വ്യാജമാണെന്ന് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പിന്നീട് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് മജിസ്‌ട്രേറ്റ് കോടതി എസ് ഐക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവത്തിന്‌റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്‌റെ അനുമതി വേണമെന്നായിരുന്നു അലവിയുടെ വാദം. ഇതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: