വത്തിക്കാൻ സിറ്റി: മലയാളി ജോർജ്ജ് ജേക്കബ് കൂവക്കാട് കർദ്ദിനാളായി ചുമതല ഏൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാരത സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം എത്തും.
മന്ത്രി ജോർജ്ജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽസുരേഷ് എംപി, ബിജെ പി നേതാക്കളായ അനിൽ ആൻ്റണി, അനൂപ് ആൻ്റണി എന്നിവർ സംഘത്തിലുണ്ടാകും.
ഡിസംബർ ഏഴിനാണ് കർദ്ദിനാളായി ചുമതല ഏൽക്കുന്ന ചടങ്ങ്. ചങ്ങനാശ്ശേരി സ്വദേശിയായ കുവക്കാട് ബിഷപ്പ് ആകാതെ നേരിട്ട് കർദ്ദിനാളായി നിയമിക്കപ്പെട്ട ആളാണ്. മാർപാപ്പയുടെ വിദേശ സഞ്ചാരങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ്. ഇന്ത്യയിൽ നിന്ന് ഇത് ആദ്യമായാണ് ഒരു വൈദികൻ നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് ജോർജ് ജനിച്ചത്. ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം, 2006 ജൂലൈ 1-ന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നൂൺഷ്യേച്ചറുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
2020 ജൂലൈ 10 മുതൽ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പൊതുകാര്യവിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരവേ 2021-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ, തന്റെ വിദേശയാത്രയുടെ സംഘാടകച്ചുമതല ഏൽപ്പിക്കുകയായിരുന്നു. ജോർജ് കൂവക്കാടിനു മുൻപ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടുപേരെയും കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ യാത്രകളുടെ സംഘാടകനും, വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ഈശോ സഭാ വൈദികൻ റോബെർത്തോ തൂച്ചി 2001-ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തപ്പെട്ടിട്ടുണ്ട്. മറ്റൊരാൾ പോൾ ആറാമൻ പാപ്പായ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺസിഞ്ഞോർ ജാക്ക്വേസ് മാർട്ടിനാണ്. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: