ഢാക്ക (ബംഗ്ലാദേശ്): ഇസ്കോണ്‍ ആചാര്യന് ചിന്മയ് കൃഷ്ണദാസിനെ തടവിലാക്കിയ ബംഗ്ലാദേശിലെ മതമൗലികവാദ സര്‍ക്കാരിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ കടുപ്പിച്ചു. സര്‍ക്കാര്‍ അഭിഭാഷകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആറ് പേരെ സംയുക്ത സേന ഇന്നലെ കസ്റ്റഡിയിലെടുത്തു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികരെ ആക്രമിച്ചെന്ന കേസില്‍ 24 പേരെയും പിടികൂടിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ രാജ്യത്ത് അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇസ്കോണ്‍ ആരോപിച്ചു. ചിന്മയ് കൃഷ്ണദാസിന് ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് സര്‍ക്കാര്‍ അഭിഭാഷകന് സൈഫുല്‍ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കേസില്‍ പിടിയിലായവരെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിചാരണ ചെയ്യുമെന്നും കൂടുതല്‍ പ്രതികളെ പിടികൂടുമെന്നും പോലീസ് വക്താവ് പറഞ്ഞു. സൈന്യത്തിലെയും അര്‍ദ്ധസൈനിക ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിലെയും (ബിജിബി) സൈനികരും പോലീസും സംയുക്തമായാണ് ഹിന്ദുക്കളുടെ വീടുകളിലാകെ കടന്നുകയറി തെരച്ചില്‍ നടത്തിയത്.
ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അഭിഭാഷകന്റെ കൊലപാതകത്തെ അപലപിച്ചു.
അതേസമയം ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭാരതം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്ജിമാരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. വിരമിച്ച ജഡ്ജിമാര്‍, റിട്ട. സൈനിക ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍ തുടങ്ങി 75 പേരൊപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് അയച്ചത്. ബംഗ്ലാദേശിലേത് അവരുടെ ആഭ്യന്തര വിഷയമല്ലെന്നും ഇത് ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ ഡിജിപി എസ്പി വൈദ് പറഞ്ഞു. ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ ഭാരതത്തെയും ബാധിക്കും. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ രാജ്യമെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഭാരതത്തിന്റെ പ്രധാനമന്ത്രി ആഗോള നേതാവാണ്. ലോകം അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്ന വൈദ് ചൂണ്ടിക്കാട്ടി.
ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശിന്റെ രൂപീകരണത്തിനായി ഭാരത സൈന്യം അവരുടെ രക്തം ചൊരിഞ്ഞു. എന്നാല്‍ ഇന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഭീകരര്‍ ലക്ഷ്യമിടുന്നത് തങ്ങളെ അഗാധമായി അസ്വസ്ഥരാക്കുന്നുവെന്ന് പവന് കല്യാണ്‍ എക്സില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയും ഭാരത സര്‍ക്കാരും ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇസ്കോണ്‍ സംന്യാസിയെ അറസ്റ്റ് ചെയ്ത നടപടിയെ കേന്ദ്രമന്ത്രി ഗിരിരാജ് കിഷോര്‍ അപലപിച്ചു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: