ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രശാന്ത് വിഹാറിലുണ്ടായ തീവ്രത കുറഞ്ഞ സ്ഫോടനത്തില്‍ ഒരാള്‍ക്ക് നിസാര പരിക്ക്. വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ രോഹിണി സെക്ടര്‍ 14ലെ പിവിആര്‍ സിനിമാ തീയേറ്ററിന് സമീപം ഇന്നലെ രാവിലെ 11.40ഓടെയാണ് സ്ഫോടനമുണ്ടായത്. വെളുത്ത പൊടി പോലെ എന്തോ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. പരിക്കേറ്റ ആള്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ആശുപത്രി വിട്ടു.
സ്ഫോടന സ്ഥലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന്റെ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. അഗ്‌നി ശമന സേനയും ബോംബ് സ്‌ക്വാഡും ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വ്യാവസായിക മാലിന്യങ്ങള്‍ എന്തോ ചപ്പുചവറുകള്‍ക്കിടയില്‍ ഇട്ടിരുന്നതിലേക്ക് ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭീകരവാദ ബന്ധങ്ങളൊന്നുമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. എന്‍ഐഎ സംഘവും സ്ഫോടന സ്ഥലത്ത് പരിശോധന നടത്തി. രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം ഒക്ടോബര്‍ 20ന് സ്ഫോടനം ഉണ്ടായിരുന്നു.
അതിനിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കുഴിച്ചിട്ട നിലയില്‍ റോക്കറ്റ് ലോഞ്ചറുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: