ചെന്നൈ: ഇന്ന് പെയ്ത മഴയെത്തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും കനത്ത ദുരിതം. ഒഎംആർ റോഡ് ഉൾപ്പെടെ പലയിടത്തും ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടും രൂക്ഷമായി. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ഉൾപ്പെടെയുള്ള കാവേരി ഡെൽറ്റ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴയായിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഴത്തിലുള്ള ന്യൂനമർദമായി മാറിയെന്നും നാളെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരാനും നാളെ ഒരു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞു. ഇന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ, കാരക്കൽ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, അരിയല്ലൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മുൻകരുതൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള കർമപദ്ധതി സ്റ്റാലിൻ അവലോകനം ചെയ്തു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ജോലികൾ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ജില്ലാ കളക്ടർമാരും ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തു. ആവശ്യത്തിന് ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമായതായി കളക്ടർമാർ അറിയിച്ചു.
ദുരിതാശ്വാസ കേന്ദ്രങ്ങൾ എല്ലാ സൗകര്യങ്ങളോടും കൂടി ഒരുക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ നാലാം ബറ്റാലിയനിൽ നിന്നുള്ള രണ്ട് കാനൈന്‍ യൂണിറ്റുകൾ (ഒരു യൂണിറ്റിന് 30 രക്ഷാപ്രവർത്തകർ) ഉൾപ്പെടെ ഏഴ് ടീമുകളെ തമിഴ്നാട്ടിലുടനീളം വിന്യസിച്ചിട്ടുണ്ട്. കാരക്കൽ, തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിലാണ് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്.
നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
അയൽ സംസ്ഥാനമായ പുതുച്ചേരിയിലും നാളെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശ്ശിവായം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: