ഗോരഖ്പൂര്‍: എബിവിപി 70-ാം ദേശീയ സമ്മേളനം സമാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്കാരം യോഗി ആദിത്യനാഥില്‍ നിന്ന് ദീപേഷ് നായര്‍ ഏറ്റുവാങ്ങി.
യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ശരിയായ ദിശയില്‍ നയിക്കാനും സമഗ്രവികസനം ഉറപ്പാക്കാനും എബിവിപിക്ക് സാധിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്ക് വഹിക്കാന്‍ എബിവിപി യുവാക്കളെ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ് സഹസ്ഥാപകനും സിഒഒയുമാണ് ദീപേഷ് നായര്‍. എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സഹസംഘടന സെക്രട്ടറി ദേവദത്ത് ജോഷി എന്നിവരും പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ശ്രാവണ്‍ ബി. രാജ് വീണ്ടും ദേശീയ സെക്രട്ടറിയായി. കെ.എം. രവിശങ്കര്‍ ജിജ്ഞാസ നാഷണല്‍ ഇന്‍ചാര്‍ജായും തുടരും. വിപിന്‍ കുമാര്‍ കേരളത്തിന്റെ സംഘടന സെക്രട്ടറിയും എന്‍.സി.ടി. ശ്രീഹരി സഹസംഘടനാ സെക്രട്ടറിയുമാണ്. കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായി ഡോ. ബി.ആര്. അരുണ്‍, യദു കൃഷ്ണന്, കെ.പി. അഭിനവ്, ദിവ്യ പ്രസാദ്, എസ്. അരവിന്ദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസം, സമൂഹം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച കള്‍ നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1,400 ലധികം പ്രതിനിധികള്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: