ജയ്പൂർ: ജയ്പൂരിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന ബംഗ്ലാദേശി പൗരന്മാരെ അവരുടെ രാജ്യത്തേക്ക് നാടുകടത്തിയതായി പോലീസ് അറിയിച്ചു. ആറ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 11 പേരെയാണ് നാടുകടത്തിയത്.
ഇവർക്ക് നഗരത്തിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിന് രണ്ട് നാട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് കുമാർ പറഞ്ഞു. നഗരത്തിലെ ഭാൻക്രോട്ട പ്രദേശത്ത് താമസിക്കുന്ന ചില ബംഗ്ലാദേശി പൗരന്മാരെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടത്തിയത്.
പരിശോധനയിൽ അവരുടെ കൈവശം ബംഗ്ലാദേശി ജനന സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും സ്വഭാവ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയതിനെ തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.തുടർന്ന് ദൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ബംഗ്ലാദേശിലെ അധികാരികളിൽ നിന്ന് അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അറസ്റ്റിലായ രണ്ട് നാട്ടുകാരുടെ സഹായത്തോടെ അനധികൃത കുടിയേറ്റക്കാർ വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ കാർഡും മറ്റും ഉണ്ടാക്കിയിരുന്നെന്നും ഡിസിപി പറഞ്ഞു.
പിടിയിലായ ബംഗ്ലാദേശ് പൗരന്മാരെ ആദ്യം അൽവാറിലെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ നിന്ന് ബിഎസ്എഫിന്റെ സഹായത്തോടെ ഞായറാഴ്ച അവരെ അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയായിരുന്നുവെന്ന് ഡിസിപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: