കൊച്ചി: ആദ്യ പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ 13. മുന്നെണ്ണം ലോക്സഭയിലേക്കും പത്തെണ്ണം നിയമസഭയിലേയ്ക്കും.
2017-വേങ്ങര, 2018-ചെങ്ങന്നൂര്‍, 2019-പാല, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് ഇപ്പോള്‍ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ് ഇതുവരെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. 2017 ലും 2021 ലും മലപ്പുറത്തും ഇത്തവണ വയനാടും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളും. നിയമസഭാ മണ്ഡലങ്ങളിലെ സിറ്റിങ് സീറ്റുകളില്‍ മൂന്നെണ്ണം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ഒരു സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാനായത്. 2019ല്‍ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പാലായും യുഡിഎഫിനു നഷ്ടമായി. എന്നാല്‍ അതേ വര്‍ഷം അരൂര്‍ സീറ്റ് എല്‍ഡിഎഫിനു നഷ്ടമായി. 2019 ല്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാലായിലെ ഉപതെരഞ്ഞെടുപ്പ്. 1967 മുതല്‍ 2016 വരെ 12 തവണ മാണി കൈവശം വെച്ചിരുന്ന പാലാ അന്ന് യുഡിഎഫിനെ കൈവിട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം കുന്നേലിനെ എല്‍.ഡി.എഫിലെ മാണി സി. കാപ്പന് തോത്പ്പിച്ചു. 2021 ല്‍ മാണി സി.കാപ്പന് വിജയം ആവര്‍ത്തിച്ചു.
2019 ല്‍ സമാനമായ പരാജയം കോന്നിയിലും യുഡിഎഫ് നേരിട്ടു. തുടര്‍ച്ചയായി അഞ്ചു തവണ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് നിലനിര്‍ത്തിയിരുന്ന കോന്നി സിപിഎമ്മിന്റെ കെ.യു ജനീഷ് കുമാറിനെ ജയിപ്പിച്ചു. അടൂര്‍പ്രകാശ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 2021 ലും ജനീഷ് ജയിച്ചു.
കെ.മുരളീധരന് വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചപ്പോഴാണ് 2019ല്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. 2011ലും 2016ലും വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരന് ജയിച്ചു. പക്ഷേ, 2019ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചു. 2021ലും പ്രശാന്ത് ജയിച്ചു. അതേവര്‍ഷം എല്‍ഡിഎഫിന് അരൂര്‍ മണ്ഡലം നഷ്ടപ്പെട്ടു.
സിറ്റിങ് എം.എല്‍.എ ആയിരുന്ന എ.എം ആരിഫ് ലോക്സഭയിലേക്ക് ജയിച്ചതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനു സി. പുളിക്കലിനെതിരേ 2079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന് ജയിച്ചു.
ലീഗ് നേതാവായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു 2017 ല്‍ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ്. പി.കെ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിന് കുഞ്ഞാലിക്കുട്ടി ജയിച്ചു. 2019 ല്‍ കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം 2,60,153 ആയി ഉയര്‍ത്തി. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് ജയിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.പി അബ്ദുസമദ് സമദാനി ജയിച്ചെങ്കിലും ഭൂരിപക്ഷം 1,14,692 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: