ശ്രീനഗർ : ജമ്മു കശ്മീരിലുടനീളം ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. വിനോദ സഞ്ചാര മേഖലയ്ക്ക് തുടക്കമിട്ടു കൊണ്ടാണ് കശ്മീരിൽ മഞ്ഞ് വീഴ്ച കാലം ആരംഭിച്ചിരിക്കുന്നത്.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്. മറ്റ് പ്രദേശങ്ങളായ സോജില, ഗുരെസ്, തുലൈൽ, കുപ്വാരയിലെ സാധന ടോപ്പ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
പുതിയ മഞ്ഞുവീഴ്ചയും താഴ്വരയുടെ ചില ഭാഗങ്ങളിൽ നേരിയ മഴയും താപനിലയിൽ കുത്തനെ ഇടിവ് വരുത്തി. ഇത് ഇവിടുത്തെ താമസക്കാരെയും സന്ദർശകരെയും ഒരുപോലെ തണുപ്പിൽ വിറപ്പിച്ചു. ബന്ദിപ്പോര ജില്ലയിലെ റസ്ദാൻ ടോപ്പിൽ 5 ഇഞ്ച് മഞ്ഞും കുപ്വാരയിലെ സാധന ടോപ്പിൽ 4 ഇഞ്ച് മഞ്ഞും രേഖപ്പെടുത്തി. കുപ്വാരയിലെ ഇസഡ് ഗാലിയിൽ 4 ഇഞ്ചും കിഷ്ത്വറിലെ സിന്തൻ ടോപ്പിൻ 5 ഇഞ്ച് മഞ്ഞ് വീഴ്ചയും രേഖപ്പെടുത്തി.
കൂടാതെ ഷോപ്പിയാനിലെ പീർ കി ഗാലിയിൽ 2 ഇഞ്ച്, ഗന്ദർബാലിലെ ബാൽട്ടൽ സോനാമാർഗ് 3 ഇഞ്ച്, സോജില പാസ് 3 ഇഞ്ച്, സോനാമാർഗിൽ തന്നെ ഒരു ഇഞ്ച് വീതം മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. ജമ്മു മേഖലയിലെ സമതലങ്ങളിൽ വൈകുന്നേരങ്ങളിൽ നേരിയ മഴ പെയ്തു.
കൂടാതെ ദോഡ, കിഷ്ത്വാർ, രജൗരി തുടങ്ങിയ ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിലും നേരിയ മഞ്ഞുവീഴ്ചയുണ്ടായി. രജൗരി ജില്ലയിലെ പിർ പഞ്ചൽ പർവതനിരകളിൽ 3-4 ഇഞ്ച് മഞ്ഞും കിഷ്ത്വാർ ജില്ലയിലെ സിന്താൻ ടോപ്പിൽ 4 ഇഞ്ച് മഞ്ഞും രേഖപ്പെടുത്തി. ഭാദേർവയിലെ കൈലാഷ് കുന്നുകളിൽ നേരിയ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു.
അതേസമയം നവംബർ 24 മുതൽ ഡിസംബർ 1 വരെ ജമ്മുകശ്മീരിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: