വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. കൃഷ്ണാഷ്ടമിയെന്നു കൂടി അറിയപ്പെടുന്ന ഈ ദിനത്തില്‍ പെരുംതൃക്കോവിലപ്പന്റെ സര്വാഭരണവിഭൂഷിതമായ രൂപം ദര്‍ശിച്ച് സായൂജ്യം നേടാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേര്ന്നിരിക്കുന്നത്.
അഷ്ടമിദര്‍ശനം, അഷ്ടമി പ്രാതല്‍ എന്നിവയ്ക്കു പുറമേ വൈക്കത്തപ്പന്റെ എഴുന്നള്ളത്തും, ഉദയനാപുരത്തപ്പന്റെ വരവും, അഷ്ടമിവിളക്കുമെല്ലാം ഒത്തുചേരുന്നതോടെ ക്ഷേത്രനഗരി ദേവചൈതന്യത്തിന്റെ നിറകുടമായി മാറും. പുലര്‍ച്ചെ 3.30ന് നട തുറക്കും. ഉഷഃപൂജയും എതൃത്തപൂജയും നടക്കും. തുടര്‍ന്ന് പഞ്ചാക്ഷരീ മുഖരിതമാവുന്ന അന്തരീക്ഷത്തില്‍ 4.30 മുതലാണ് അഷ്ടമി ദര്‍ശനം. ഈ സമയം ഭക്തരെ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് തപസനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് ശ്രീപരമേശ്വരന് പാര്‍വതീസമേതനായി ദര്‍ശനം നല്കി അഭീഷ്ടവരം കൊടുത്ത് അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം. ഈ ദിവസം പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ഇതിന്റെ പുണ്യം ലഭിക്കുമെന്നും വിശ്വാസം.
വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ പ്രാതല്‍ രാവിലെ 10ന് ആരംഭിക്കും. പരശുരാമന് പ്രതിഷ്ഠാ കാലത്തു തുടങ്ങിയ മൃഷ്ടാന്നഭോജനമാണ് പ്രാതല്‍. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് സദ്യയൊരുക്കുന്നത്.
അസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം രാജകീയ പ്രൗഢിയോടെ വരുന്ന ഉദയനാപുരത്തപ്പന് നല്കുന്ന വരവേല്‍പ്പാണ് അഷ്ടമിവിളക്കിലെ പ്രധാനദൃശ്യം. ദേശദേവതമാരും ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയുന്നതോടെ അഷ്ടമിവിളക്കിന് സമാപനമാകും. 24ന് രാത്രി കൂടിപ്പൂജ വിളക്കോടെ വൈക്കത്തഷ്ടമി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: